Quantcast

'ഇൻസ്റ്റ റീൽ പോലെയാണ് അവരത് ചിത്രീകരിച്ചത്; രാജ്യത്തെ മുസ്‌ലിംകളെ നമ്മൾ നിരാശയിലാഴ്ത്തി'-കല്യാൺ ട്രെയിൻ ആക്രമണത്തിൽ സ്വര ഭാസ്‌കർ

ജിന്ന ശരിയാണെന്നു തെളിയിക്കുക മാത്രമാണ് സംഘികളും അവരുടെ ഹിന്ദു രാഷ്ട്രവും ചെയ്യുന്നതെന്ന് സ്വര ഭാസ്‌കർ

MediaOne Logo

Web Desk

  • Updated:

    2024-09-02 16:45:17.0

Published:

2 Sep 2024 1:56 PM GMT

Bollywood actress Swara Bhaskar strongly criticizes the mob attacks targeting Muslims in the country, Kalyan train lynching, Maharashtra train lynching, Haji Ashraf Maniyar, lynching in India,
X

ആക്രമണത്തിനിരയായ ഹാജി അഷ്റഫ്, സ്വര ഭാസ്കര്‍

മുംബൈ: രാജ്യത്ത് മുസ്‌ലിംകളെ ലക്ഷ്യമിട്ടു നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിൽ പ്രചോദിതരായ ഗുണ്ടാ സംഘങ്ങളാണ് ഈ അക്രമങ്ങളെല്ലാം നടത്തുന്നതെന്ന് അവർ വിമർശിച്ചു. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒന്നാകെ ഇന്ത്യൻ സമൂഹവും ഇവിടത്തെ സർക്കാർ, നീതിന്യായ, മാധ്യമ, നിയമപാലന സംവിധാനങ്ങളൊന്നാകെ നിരാശയിഴ്ത്തിയിരിക്കുകയാണെന്നും സ്വര പറഞ്ഞു.

മഹാരാഷ്ട്രയിലെ കല്യാണിൽ ഓടുന്ന ട്രെയിനിൽ മുസ്‌ലിം വയോധികനെ മർദിച്ച സംഭവത്തിൽ എക്‌സ് കുറിപ്പുകളിലൂടെയാണ് സ്വര ഭാസ്‌കർ പ്രതികരിച്ചത്. ''ഇന്ത്യൻ സമൂഹം, രാജ്യത്തെ ബഹുഭൂരിഭാഗം പൗരന്മാരും ഇന്ത്യൻ സ്ഥാപനങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും രാജ്യത്തെ ജനപ്രിയ സംസ്‌കാരവും ഇന്ത്യൻ മാധ്യമങ്ങളും നിയമവാഴ്ചയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുമെല്ലാം മുസ്‌ലിംകളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. നമുക്കെല്ലാം അറിയാവുന്നൊരു കാര്യമാണത്. പക്ഷേ ആരും പറയാൻ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രം''-എക്‌സ് കുറിപ്പിൽ സ്വര പറഞ്ഞു.

''ഒരു മുസ്‌ലിം വയോധികനെ ട്രെയിനിൽ സഹയാത്രികർ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുന്നതു നോക്കൂ. ഒരു ഇൻസ്റ്റ റീൽ പോലെയാണ് അതു ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കാരണം കഴിഞ്ഞൊരു പതിറ്റാണ്ടിനിടെ വിഷലിപ്തമായ ഇന്ത്യൻ സമൂഹത്തിന്റെ വൃത്തികെട്ട മുഖമാണ് ഇത് അനാവരണം ചെയ്യുന്നത്. ഒരു മാന്യതയും മനുഷ്യത്വവുമില്ലാത്ത ഈ അധമ ഗുണ്ടാസംഘത്തെ നമ്മൾക്കുമേൽ ഭരിക്കാൻ വിട്ടത് രാജ്യത്തെ ഭൂരിപക്ഷ ഹിന്ദുക്കൾക്കും ഇന്ത്യയ്ക്കുമൊന്നാകെ നാണക്കേടാണ്.''

ദിനംപ്രതിയെന്നോണം നിസ്സഹായരായ മുസ്‌ലിംകളാണ് നിർദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത്. സാധാരണ മുസ്‌ലിംകളെല്ലാം സംഘികളുടെ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീതിയിലാണു കഴിയുന്നത്. തങ്ങൾ വെറുക്കുന്നവെന്നു പറയുന്ന മുഹമ്മദലി ജിന്നയുടെ വാക്കുകൾ പുനരാവിഷ്‌ക്കരിക്കുകയാണ് ഇവർ ചെയ്യുന്നത്. ജിന്ന ശരിയാണെന്നു തെളിയിക്കുക മാത്രമാണ് സംഘികളും അവരുടെ ഹിന്ദു രാഷ്ട്രവും ചെയ്യുന്നതെന്നും സ്വര കൂട്ടിച്ചേർത്തു.

അതിനിടെ, മഹാരാഷ്ട്രയിലെ കല്യാണിൽ ഓടുന്ന ട്രെയിനിൽ മുസ്‍ലിം വയോധികനെ ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് ഗോരക്ഷാ ഗുണ്ടകൾ അറസ്റ്റിലായിട്ടുണ്ട്. സ്‌പെഷ്യൽ റിസർവ്ഡ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ആകാശ് അവ്ഹാദ്, നിതേഷ് അഹിരേൻ, ജയേഷ് മൊഹിതെ എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. എന്നാൽ, അറസ്റ്റിലായി മണിക്കൂറുകൾക്കകം ഇവർ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. 15,000 രൂപയുടെ ജാമ്യത്തുകയിലാണ് പ്രതികളെ വിട്ടയച്ചത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലായിരുന്നു സംഭവം. ജൽഗാവ് സ്വദേശിയായ ഹാജി അഷ്റഫ് മനിയാറാണു ക്രൂരമായ മർദനത്തിനിരയായത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോൾ ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം. കൈയിൽ ബീഫുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്യാൺ സ്റ്റേഷനിൽ ഇറങ്ങാൻ ഇദ്ദേഹത്തെ അക്രമികൾ അനുവദിച്ചില്ല. ഒടുവിൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയാണ് ഇദ്ദേഹം മകളുടെ വീട്ടിലെത്തിയത്.

ആക്രമണത്തിൽ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ലെന്ന് ഹാജി അഷ്‌റഫ് ആരോപിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അതിനിടെ, അഷ്‌റഫിന്റെ കൈയിൽ ബീഫ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Summary: Bollywood actress Swara Bhaskar strongly criticizes the mob attacks targeting Muslims in the country

TAGS :

Next Story