അര്‍ബുദത്തോട് പോരാടി; ചികിത്സക്ക് പണമില്ലാതെ വലഞ്ഞു, ഒടുവില്‍ നടി സിന്ധു വിടവാങ്ങി
2020ലാണ് സിന്ധു തനിക്ക് സ്തനാര്‍ബുദം ബാധിച്ചതായി ആരാധകരോട് തുറന്നുപറയുന്നത്
നടി സിന്ധു
ചെന്നൈ: പ്രശസ്ത തമിഴ് നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. സ്തനാര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആശുപത്രി ചെലവുകൾ താങ്ങാനാവാത്തതുകൊണ്ട് നടി വീട്ടിൽ ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ നില വഷളായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച അന്ത്യം സംഭവിക്കുകയായിരുന്നു. 2020ലാണ് സിന്ധു തനിക്ക് സ്തനാര്‍ബുദം ബാധിച്ചതായി ആരാധകരോട് തുറന്നുപറയുന്നത്. ചികിത്സക്കായി സോഷ്യല്‍മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചിരുന്നു. നിരവധി താരങ്ങള്‍ നടിക്ക് സഹായം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ച സിന്ധുവിന്‍റെ സ്തനങ്ങള്‍ നീക്കം ചെയ്തെങ്കിലും രോഗം ഭേദമായില്ല. അതിനിടെ നടിയുടെ ഇടതു കൈയുടെ ചലനം നഷ്ടമായിരുന്നു. നടന്‍ കൊട്ടച്ചിയാണ് സിന്ധുവിന്‍റെ മരണ വാര്‍ത്ത പുറത്തുവിട്ടത്.
ബാലതാരമായി സിനിമയിലെത്തിയ താരമാണ് സിന്ധു. അങ്ങാടി തെരു എന്ന ചിത്രത്തിലൂടെയാണ് സിന്ധു ശ്രദ്ധ നേടുന്നത്. നാടോടികൾ, നാൻ മഹാൻ ആല, തേനവാട്ട്, കറുപ്പുസാമി കുത്തഗൈതരർ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു സിന്ധുവിന്‍റേത്. 14-ാം വയസില്‍ വിവാഹിതയായ താരത്തിന്‍റെ വിവാഹ ജീവിതവും പരാജയമായിരുന്നു. കുഞ്ഞിനെ വളര്‍ത്താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.
Adjust Story Font
16