Quantcast

'ഷൂ നക്കാൻ പറഞ്ഞത് ഒരു സ്ത്രീയായിരുന്നെങ്കിൽ ഫെമിനിസമായി ആഘോഷിച്ചേനെ': ജാവേദ് അക്തറിനെതിരെ അനിമൽ ടീം

ജാവേദ് അക്തറിന്റെ എല്ലാ കലാസൃഷ്ടികളും വ്യാജമാണെന്നും അനിമൽ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2024-01-07 14:44:40.0

Published:

7 Jan 2024 2:43 PM GMT

javed aktar_animal
X

രണ്‍ബീര്‍ കപൂര്‍ നായകനായ സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമല്‍ ബോളിവുഡിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും ഹിറ്റായ ചിത്രങ്ങളിൽ ഒന്നാണ്. മൂന്നു മണിക്കൂർ 20 മിനിറ്റിൽ സന്ദീപ് റെഡ്ഡി ഒരുക്കിയ രക്തരൂഷിതമായ ഒരു ഗ്യാങ്സ്റ്റർ ചിത്രമാണ് അനിമൽ. അടുത്ത സമയത്ത് ബോളിവുഡിൽ ഇറങ്ങിയ ഏറ്റവും വയലൻസ് നിറഞ്ഞ ഈ ചിത്രം എല്ലാവരുടെയും ഇഷ്ട സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിക്കണമെന്നില്ല. ചിത്രത്തിലെ സ്ത്രീവിരുദ്ധതയാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്.

ഒരു ആൽഫാ മെയിലായി രൺബീർ കപൂറിന്റെ മികച്ച പ്രകടനം ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് ചിത്രതിലെ ഡയലോഗുകളും ചില സീനുകളും രൂക്ഷ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിനെതിരെ സിനിമാ മേഖലയിലെ പ്രമുഖരും വിമർശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തും കവിയുമായ ജാവേദ് അഖ്തര്‍ ഉയർത്തിയ വിമർശനങ്ങൾ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അനിമലിന്റെ അണിയറ പ്രവർത്തകർ.

ഔറംഗബാദിലെ അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംസാരിക്കവെയായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം. "ഏത് തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചാൽ സമൂഹത്തിന്റെ കയ്യടി കിട്ടുമെന്ന് ഇന്നത്തെ യുവ സംവിധായകർക്ക് മനസിലാകുന്ന ഒരു പരീക്ഷണ സമയമാണിതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ, ഒരു പുരുഷൻ സ്ത്രീയോട് തന്റെ ചെരുപ്പ് നക്കാൻ ആവശ്യപ്പെടുകയോ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുകയോ ചെയുന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആകുന്ന പ്രവണത അപകടകരമാണ്": അനിമലിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം.

പ്രണയം തെളിയിക്കാൻ രൺബീറിന്റെ രൺവിജയ് സിങ് എന്ന കഥാപാത്രം ട്രിപ്റ്റി ഡിമ്രിയുടെ സോയയോട് ആവശ്യപ്പെടുന്ന ഒരു രംഗം അനിമലിലുണ്ട്. അഭിപ്രായത്തിന് പിന്നാലെ ജാവേദ് അക്തറിനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

വിഷയം ചർച്ചയായതോടെ ജാവേദ് അക്തറിന് മറുപടിയുമായി അനിമൽ അണിയറപ്രവർത്തകർ രംഗത്തെത്തി. "നിങ്ങളിലെ നിലവാരമുള്ള എഴുത്തുകാരന് ഒരു കാമുകൻ നേരിട്ട വഞ്ചന മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങളുടെ കലാസൃഷ്ടികളെല്ലാം വ്യാജമാണ്. പുരുഷനാൽ വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയാണ് തന്റെ ഷൂ നക്കാൻ പുരുഷനോട് ആവശ്യപ്പെടുന്നതെങ്കിൽ അതിനെ ഫെമിനിസം എന്ന് വിളിച്ച് നിങ്ങൾ ആഘോഷിച്ചേനെ. പ്രണയം ലിംഗ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാകട്ടെ. അവരെ പ്രണയിനികൾ എന്നുമാത്രം വിളിക്കാം.": അനിമൽ ദി ഫിലിം ടീം തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചു. പോസ്റ്റിന് താഴെ ജാവേദ് അക്തറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റിന് പിന്നാലെ അനിമൽ ടീം രൂക്ഷവിമർശനമാണ് നേരിടുന്നത്. അംഗീകരിക്കാനായി എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരിക്കുന്നത് ആ സിനിമ എത്രത്തോളം അപകടകരവും സമൂഹത്തിന് ഹാനികരവുമാണെന്നതിന്റെ തെളിവാണെന്ന് ഒരാൾ കുറ്റപ്പെടുത്തി. ഒരു സ്ത്രീവിരുദ്ധ ചിത്രത്തിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഷോലെയും ഡോണും മിസ്റ്റർ. ഇന്ത്യയുമൊക്കെ എഴുതിയ ഒരാളുടെ കല വ്യാജമാണെന്ന് പറയുന്നത് ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

2023 ഡിസംബർ ഒന്നിനായിരുന്നു അനിമലിന്റെ റിലീസ്. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദർ 2 എന്നിവയുടെ റെക്കോർഡുകളും തകർത്തു. രശ്മിക മന്ദാനയാണ് നായിക. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്റോയ്, പ്രേം ചോപ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷമിടുന്നു.

TAGS :

Next Story