കിടിലൻ ലുക്കിൽ രജനികാന്ത്; ലോകേഷ് കനകരാജിന്റെ 'തലൈവർ 171' പുതിയ അപ്ഡേറ്റ്
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം.
പ്രഖ്യാപനം വന്നതുമുതൽ ആരാധകർ കാത്തിരിക്കുന്ന രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ. തലൈവര്‍ 171 എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന താത്കാലിക പേര്. എന്നാൽ, സിനിമയുടെ പേര് ഈ വരുന്ന ഏപ്രിൽ 22-ന് പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ നിർമാതാക്കളും സംവിധായകൻ ലോകേഷ് കനകരാജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
രണ്ട് കൈകളിലും സ്വർണവാച്ചുകൾ ബന്ധിപ്പിച്ച വിലങ്ങണിഞ്ഞാണ് രജനി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വർണനിറത്തിലുള്ള ഫ്രെയിമുള്ള ഗ്ലാസ് ധരിച്ച് ചിരിച്ചുകൊണ്ടാണ് രജനിയെ പോസ്റ്ററിൽ കാണാനാവുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.
ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയൻ' ആണ് രജനികാന്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാകും. വിജയ് നായകനായി വേഷമിട്ട ലിയോയായിരുന്നു ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. അതിനിടെ, കമല്‍ഹാൻ ഗാനരചന നിര്‍വഹിച്ച ഒരു സംഗീത ആല്‍ബത്തിൽ അഭിനേതാവായും ലോകേഷ് പ്രത്യക്ഷപ്പെട്ടിരുന്നു.
Adjust Story Font
16