'മലപ്പുറത്ത് നടന്ന ആ സംഭവമാണ് പിന്നീട് എന്‍റെ ആ സിനിമയായത്': മനസ്സുതുറന്ന് ലാല്‍ ജോസ്
സിനിമാ ജീവിതത്തിലെ പ്രധാന ചിത്രങ്ങളുടെ അണിയറ രഹസ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്
തൊണ്ണൂറുകളുടെ അവസാനത്തില്‍ മമ്മൂട്ടിയെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ഒരു മറവത്തൂര്‍ കനവ്' എന്ന സിനിമയിലൂടെയാണ് ലാല്‍ ജോസ് സ്വതന്ത്രൃ സംവിധായക പദവിയിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് 'മീശ മാധവന്‍', 'പട്ടാളം', 'ക്ലാസ്മേറ്റ്സ്', 'അറബിക്കഥ' എന്നിങ്ങനെ ഒരുപിടി ഹിറ്റുകളുടെ തോളിലേറി മലയാളത്തിലെ മികച്ച സംവിധായകന്‍ എന്ന സ്ഥാനം അടയാളപ്പെടുത്തി. എന്നാല്‍ തന്‍റെ സിനിമാ ജീവിതത്തിലെ പ്രധാന ചിത്രങ്ങളുടെ അണിയറ രഹസ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ് ഇപ്പോള്‍.
സിനിമാ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ പട്ടാളത്തിന്‍റ കഥ എഴുതുന്നത് മലപ്പുറത്ത് നടന്ന ഒരു സംഭവത്തില്‍ നിന്നാണെന്ന് ലാല്‍ ജോസ് പറഞ്ഞു. 'മീശ മാധവനും' 'മറവത്തൂര്‍ കനവും' 'ചന്ദ്രനുദിക്കുന്ന ദിക്കും' 'രണ്ടാം ഭാവവും' എല്ലാം പുറത്തിറങ്ങി നില്‍ക്കുന്ന സമയത്ത് അതുവരെ പറഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഒരു കഥ പറയണം എന്ന ആഗ്രഹത്തിലാണ് 'പട്ടാളം' സിനിമ ചെയ്യുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞു. മലപ്പുറം കോഴിച്ചെനയില്‍ നടന്ന ഒരു സംഭവമാണ് 'പട്ടാള'ത്തിന്‍റെ കഥ എഴുതുന്നതിന് കാരണമായതെന്നും അദ്ദേഹം മനസ്സു തുറന്നു.
'മിലിട്ടറി സിനിമ എന്നത് അതുവരെ കശ്മീരിലും മറ്റുമാണ് നടന്നിരുന്നത്. കേരളത്തിൽ ഒരു മിലിട്ടറി ഓപ്പറേഷനുള്ള സാധ്യതയൊന്നുമില്ലല്ലോ. റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് മലപ്പുറത്തെ കോഴിച്ചെനയിൽ ക്യാംപ് ചെയ്യാനെത്തിയപ്പോൾ അതിനെതിരെ അവിടെ വലിയ പ്രക്ഷോഭമൊക്കെ നടന്നിരുന്നു. പക്ഷേ പത്തുവർഷം കഴിഞ്ഞ് അവർ തിരിച്ചുപോകുമ്പോൾ, പോകരുതെന്നു പറഞ്ഞായിരുന്നു നാട്ടുകാരുടെ സമരം. അതിൽനിന്നാണ് 'പട്ടാളം' ഉണ്ടായത്'; ലാല്‍ ജോസ് പറഞ്ഞു.
'രസികൻ' തിരുവനന്തപുരത്തെ ഒരു തെരുവിന്‍റെ കഥയായിരുന്നുവെന്നും 'ചാന്തുപൊട്ട്' കടപ്പുറം പശ്ചാത്തലത്തിലായിരുന്നു എഴുതിയതെന്നും ലാല്‍ ജോസ് പറഞ്ഞു. ആക്‌ഷൻ ഹീറോ സ്റ്റാർഡമിൽ നിൽക്കുമ്പോഴാണ് സുരേഷ് ഗോപിയെ വെച്ച് രണ്ടാം ഭാവം എടുക്കുന്നതെന്നും ദിലീപ് ചെറിയ നടനായി നില്‍ക്കുമ്പോഴാണ് ദിലീപിനെ വെച്ച് 'മീശ മാധവന്‍' ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
'സോളമന്റെ തേനീച്ചകള്‍' ആണ് ലാല്‍ ജോസിന്‍റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 18ന് തിയറ്ററിലെത്തുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, ജോണി ആന്‍റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്‍റണി അക്കര എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Adjust Story Font
16