അശ്വതിയെ കണ്ടുമുട്ടിയ ദിവസം; 34 വർഷം കടന്നു പോകുന്നു: പാർവതിയെ ആദ്യമായി കണ്ട ദിനം ഓർത്തെടുത്ത് നടൻ ജയറാം
അപരൻ സിനിമയയുടെ ലൊക്കേഷൻ ചിത്രവും, പാർവതിയോട് ഒപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്
മലയാളികൾക്ക് ഏറെ പരിചിതരായ താരജോഡികളാണ് നടൻ ജയറാമും പാർവതിയും. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം എതിർപ്പുകളെയെല്ലാം മറികടന്ന് ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. അശ്വതിയെ (പാർവതിയെ) ആദ്യമായി കണ്ടുമുട്ടിയ ദിവസം ഓർത്തെടുക്കുകയാണ് മലയാളികളുടെ പ്രിയതാരം ജയറാം. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ ഓർമ്മകൾ പുതുക്കിയത്.
'ഫെബ്രുവരി 18, ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം,അശ്വതിയെ കണ്ടുമുട്ടിയ ദിവസം, 34 വർഷം കടന്നുപോകുന്നു,കടപ്പാട് ഒരുപാട് പേരോട്,നിങ്ങളോട്' എന്നിങ്ങനെയായിരുന്നു താരത്തിന്റെ പരാമർശം. ഇതുകൂടാതെ അപരൻ സിനിമയയുടെ ലൊക്കേഷൻ ചിത്രവും, പാർവതിയോട് ഒപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് അപരൻ. 1988-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിൻറെ കഥാതന്തു. അപരൻ എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും വിജയമായിരുന്നു. ജോൺസൺ മാഷാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിൽ സിന്ധു എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകൾ' എന്ന ചിത്രമാണ് ജയറാമിന്റേതായി ഇനി വരാനിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ ഇഷ്ട നടി മീരജാസ്മിനാണ്.
Adjust Story Font
16