അടുക്കളക്കരി പുരണ്ടവർക്കുള്ള അവാർഡ്; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ
ലിംഗവിവേചനത്തിന്റെ 'മഹത്തായ ഭാരതീയ അടുക്കള' തുറന്നു കാട്ടിയ സിനിമക്ക് മികച്ച തിരക്കഥാകൃത്ത്, ശബ്ദരൂപകൽപ്പന അവാർഡുകളും
ലിംഗവിവേചനത്തിന്റെ 'മഹത്തായ ഭാരതീയ അടുക്കള' തുറന്നു കാട്ടി സ്ത്രീ സമൂഹത്തിന്റെ കരിപുരണ്ട കുടുംബജീവിതം അഭ്രപാളികളിലെത്തിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സിനിമയുടെ തിരക്കഥയെഴുതിയ സംവിധായകൻ ജിയോ ബേബിക്ക് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച ശബ്ദരൂപകൽപ്പനക്കുള്ള അവാർഡ് സിനിമയുടെ പിന്നണിയിലുണ്ടായിരുന്ന ടോണി ബാബുവിനാണ്.
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഈ സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്തതിരുന്നത്. ജനുവരി 15ന് മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തിയത്. പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ആദ്യം ഏറ്റെടുക്കാതിരുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലും സജീവ ചർച്ചകളിലൂടെയടക്കം വൈറലായതോടെ ആമസോൺ പ്രൈമിലുൾപ്പടെ പ്രദർശിപ്പിച്ചിരുന്നു. പിന്നീട് ബി.ബി.സിയടക്കം മുഖ്യധാരാ മാധ്യമങ്ങളിലടക്കം സിനിമയുടെ നിരൂപണങ്ങളും വാർത്തകളും വന്നു. ഒരു സ്ത്രീ ചെയർമാനായ സമിതി തിരഞ്ഞെടുത്ത മികച്ച ആദ്യ രണ്ടു സിനിമകളും സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്നതായിരുന്നുവെന്നത് യാദൃഛികമാണെന്ന് ജൂറി ചെയർമാൻ സുഹാസിനി മണിരത്‌നം പറഞ്ഞു. തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ സിനിമ.
സാലു കെ തോമസാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കരായിരുന്നു. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല. ചിത്രത്തിലെ അഭിനയത്തിന് സുരാജും നിമിഷയും മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരങ്ങൾക്ക് പരിഗണിക്കപ്പെട്ടിരുന്നു. സംവിധായകൻ ജിയോബേബി മികച്ച സംവിധായകനുള്ള പദ്മരാജൻ പുരസ്‌കാരം നേടാനും ചിത്രം കാരണമായിരുന്നു. ഐ.എം.ഡി.ബി ഇന്ത്യൻ പോപ്പുലർ ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.
മുമ്പ് മീഡിയവൺ ഓൺലൈൻ പ്രസിദ്ധീകരിച്ച 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ' റിവ്യൂ വായിക്കാം...
രാവിലെ എഴുന്നേറ്റ് കുളിച്ച് സിന്ദൂരവും ചാർത്തി, അടുക്കളയിൽ ജോലിചെയ്യുന്ന ഭാര്യ. അവളെ പുറകിലൂടെ വന്ന് സ്നേഹ ചുംബനങ്ങളാൽ വാരിപ്പുണരുന്ന ഭർത്താവ്. സിനിമകളിൽ സ്ഥിരം അടുക്കള രംഗങ്ങളിൽ ഒന്നാണിത്. എന്നാൽ പുകയും വിയർപ്പും എച്ചിലും ഉത്തരവാദിത്വങ്ങളും നിറഞ്ഞ ഒരിടമായി എത്ര സിനിമകൾ അടുക്കളകളെ കാണിച്ചിട്ടുണ്ട്? അങ്ങനെയൊരു സിനിമയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'. ജിയോ ബേബി സംവിധാനം ചെയ്ത സിനിമക്ക് പറയാനുള്ളത് അടുക്കള മുതൽ കിടപ്പുമുറി വരെ നീളുന്ന സ്ത്രീകളോടുള്ള ലിംഗവിവേചനം തന്നെയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ ദമ്പതികളായി അഭിനയിക്കുന്ന സിനിമ വ്യത്യസ്തമായ അവതരണ ശൈലികൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്. സ്ത്രീ അവൾ അനുഭവിക്കുന്ന വിവേചനങ്ങൾ തുറന്നുകാട്ടുന്ന നാടകീയതയില്ലാത്ത യാഥാർഥ്യം വിളിച്ചുപറയുന്ന പുരോഗമന ചിന്തകൾ അവതരിപ്പിക്കുന്ന സിനിമയാണിത്. സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യവും അവളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളും എങ്ങനെയാണ് സ്വാഭാവികയായി മാറുന്നതെന്ന് സിനിമ കാട്ടിത്തരുന്നു.
കുടുംബ ബന്ധത്തെയും പെൺ ജീവിതത്തെയും അതിന്റെ യാഥാർഥ്യത്തോടെ തുറന്നുകാട്ടിയ സിനിമയായിരുന്നു 2008ൽ അക്കു അക്ബറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'വെറുതെ അല്ല ഭാര്യ'. സ്ത്രീകൾ അനുഭവിക്കുന്ന വിവേചനത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും കഥ പറഞ്ഞ സിനിമ അവളനുഭവിക്കുന്ന ദുരിതത്തിന്റെ ഗൗരവത്തെ ലഘൂകരിച്ചാണ് അവതരിപ്പിച്ചത്. സ്ത്രീ അടുക്കളയിൽ അനുഭവിക്കുന്ന ദുരിതവും വിവേചനവും സ്വാതന്ത്ര്യ നിഷേധവും ഒറ്റപ്പെടലും എല്ലാം വളരെ മനോഹരമായി പറഞ്ഞ സിനിമ പക്ഷെ അവളെ വീണ്ടും അടുക്കളയിൽ തളച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചത്. എന്നാൽ അതിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ച് അടുക്കളയ്ക്കപ്പുറവും ഒരു ലോകമുണ്ടെന്നും അവിടെ അവൾക്ക് ചിറകുകൾ വിരിച്ചു പറക്കാൻ കഴിയുമെന്നും കാട്ടിത്തരുകയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.
നാട്ടിൻ പുറത്തെ പേരുകേട്ട തറവാട് വീട്ടിലേക്ക് മരുമകളായി എത്തുന്ന പെൺകുട്ടി. അവളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പുരുഷൻറെ കീഴിൽ അവൻറെ എല്ലാ ആജ്ഞകളും കേട്ട്, അടുക്കളയുടെ നാല് ചുവരുകൾക്കിടയിൽ മോചനമില്ലെന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഭർത്താവിൻറെ അമ്മയ്ക്ക് അവൾ പകരക്കാരിയാകേണ്ടിവരുന്നു. അവൾ എങ്ങനെ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നു എന്നതാണ് കഥാതന്തു. ഒന്നുമറിയാതെ കൈ കഴുകി വന്നിരുന്ന് ഭക്ഷണവും കഴിച്ച്, അടുക്കള ജോലി വലിയ ജോലിയൊന്നുമല്ലെന്ന നിസ്സാര ഭാവത്തിൽ പെണ്ണിന്റെ കഷ്ടപ്പാടുകളെ ചെറുതായി കണക്കാക്കുന്ന അമ്മായിയച്ഛനും ഭർത്താവിനുമിടയിൽ അവൾ വീർപ്പുമുട്ടുന്നു.
അടുക്കളയിലുള്ള പെണ്ണിന് ഒരു വ്യക്തിയെന്ന പരിഗണന പോലും കൊടുക്കുന്നതായി കഥയിലെവിടെയും കാണാനില്ല. കിടപ്പുമുറിയിൽ പോലും ഭർത്താവിന്റ ഭോഗാസക്തി തീർക്കാനുള്ള കേവലമൊരു ഉപകരണം മാത്രമായി അവൾ മാറുന്നു. സ്ത്രീവിരുദ്ധമായ ആചാരങ്ങളും ശബരിമല വിഷയവും എല്ലാം കഥ പരാമർശിക്കുന്നുണ്ട്. അവൾക്ക് അനുഭവിക്കേണ്ടിവരുന്ന വേദനകൾ ഭർത്താവിനോട് സൂചിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ ഈഗോയ്ക്കു മുന്നിലും അവൾ പരാജയപ്പെടുകയാണ്. ആർത്തവ കാലത്തടക്കം അവൾ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങളും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അവളിൽ വല്ലാത്ത മടുപ്പുളവാക്കുന്നവയായിരുന്നു.
ഇത്തരം യാഥാർഥ്യങ്ങളെ ഒരൊറ്റ വീക്ഷണ കോണിൽ നിന്ന് മാത്രമല്ല സംവിധായകൻ നോക്കി കാണുന്നത്. പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന ദമ്പതിമാരും ആർത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിക്കുന്ന സ്ത്രീകളും എല്ലാം കഥയിൽ അങ്ങിങ്ങായി കടന്നുപോകുന്നു. അതേസമയം സ്വന്തം സാഹചര്യങ്ങളിൽ നായിക എങ്ങനെ പ്രതിഷേധിക്കുന്നു എന്നതിനാണ് ഇവിടെ പ്രധാന്യം നൽകിയിരിക്കുന്നത്. ആ പ്രതിഷേധത്തിലൂടെ അവൾ അവളുടെ ചിറകുകൾ വിരിച്ച് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തിലേക്ക് പറന്നുയരുകയാണ്. പുരുഷാധിപത്യ മനസ്സുകൾ കണ്ട് പശ്ചാത്തപിച്ച് സ്വയം തിരുത്തേണ്ട കാഴ്ചപ്പാടുകൾ, വരും തലമുറ കാണേണ്ട സിനിമ.
Adjust Story Font
16