ശ്രീനാഥ് ഭാസിക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
അവതാരകയുടെ സത്യവാങ്മൂലം ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു
കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അഭിമുഖത്തിനിടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിനാലാണ് കേസ് റദ്ദാക്കിയത്. കേസ് റദ്ദാക്കാന്‍ നടന്‍ അപേക്ഷ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. നേരത്തെ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാന്‍ ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതോടെ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അവതാരകയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു.
സെപ്തംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവതാരകയുടെ പരാതിയില്‍ മരട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും അതിന് ശേഷം കുറഞ്ഞക്കാലത്തേക്ക് സിനിമകളില്‍ നിന്നും വിലക്കിയിരിക്കുകയാണെന്നാണ് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചത്.
Adjust Story Font
16