ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല; ഗുരുതര ആരോപണവുമായി ഇന്ദ്രന്‍സ്
ജൂറിക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കിയില്ല. കോവിഡ് പരിമിതിക്കുള്ളിൽ ചെയ്ത നല്ലൊരു ചിത്രമായിരുന്നു ഹോം
തിരുവനന്തപുരം: ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ് മീഡിയവണിനോട് പറഞ്ഞു.
ജൂറിക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കിയില്ല. കോവിഡ് പരിമിതിക്കുള്ളിൽ ചെയ്ത നല്ലൊരു ചിത്രമായിരുന്നു ഹോം. വിജയ് ബാബുവിന്‍റെ ചിത്രമാണ് എന്നത് അവാർഡ് ഒഴിവാക്കുന്നതിന് കാരണമല്ല. പക്ഷെ തന്‍റെ ഹോം തകര്‍ത്തതില്‍ വേദനയുണ്ട്. അവാര്‍ഡ് ലഭിച്ചവരെല്ലാം അര്‍ഹതയുള്ളവര്‍ തന്നെയാണ്.ഹൃദയം സിനിമക്ക് ഒപ്പം ഹോമിനും സ്ഥാനമുണ്ടന്നാണ് വിശ്വാസം. മികച്ച നടന്മാർക്കുള്ള പുരസ്കാരം രണ്ട് പേർക്കും അർഹതപ്പെട്ടതാണന്നും ഇന്ദ്രൻസ് പ്രതികരിച്ചു.
ഹോം നല്ല സിനിമയായിരുന്നുവെന്ന് മഞ്ജുപിള്ള മീഡിയവണിനോട് പ്രതികരിച്ചു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. അവാർഡ് കിട്ടിയിരുന്നെങ്കിൽ സന്തോഷകമാകുമായിരുന്നുവെന്നും മഞ്ജു പിള്ള പറഞ്ഞു. ''സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. കാരണം എപ്പോഴും മത്സരത്തിനുണ്ടായിരുന്ന പലരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരുന്നത്. കിട്ടിയിരുന്നെങ്കില്‍ സന്തോഷം, ഞാന്‍ മനസ് നിറഞ്ഞത് വാങ്ങിക്കുമായിരുന്നു, കിട്ടിയില്ല എന്നോര്‍ത്തു വിഷമവുമില്ല. ഇവിടം കൊണ്ടൊന്നും തീരുന്നില്ലല്ലോ..ഇനിയും കിടക്കുകയല്ലേ വര്‍ഷങ്ങള്‍. പക്ഷെ നല്ലൊരു സിനിമ കാണാതെ പോയതില്‍ വിഷമമുണ്ട്. ഒരു നല്ല സിനിമയാണെന്ന് ജനങ്ങള്‍ തെളിയിച്ച ചിത്രമാണ് ഹോം. ആ അംഗീകാരം ആദ്യമേ ലഭിച്ചിരുന്നൂ. കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയസായവര്‍ വരെ എങ്ങനെ സ്വീകരിച്ചുവെന്ന് നേരിട്ടു കണ്ടയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ ആ സിനിമക്കുള്ള അംഗീകാരം ജനങ്ങള്‍ നേരത്തെ തന്നുകഴിഞ്ഞു'' മഞ്ജു കൂട്ടിച്ചേര്‍ത്തു.
ഹോമില്‍ ഇന്ദ്രന്‍സും മഞ്ജു പിള്ളയും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ടെന്നും എന്നാല്‍ അവാര്‍ഡ് കിട്ടിയവര്‍ അതിന് അര്‍ഹരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു. ജൂറി മാത്രമാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്നും സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് പറയുന്ന സര്‍ക്കാരിന്‍റെ അഭിനയത്തിന് ഒരു അവാര്‍ഡ് കൊടുക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പ്രതികരിച്ചു.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇന്നത്തെ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവില്ലാത്ത, മക്കളെയും കുടുംബത്തെയും ഒരുപാട് സ്നേഹിക്കുന്ന ഒലിവറായി ഇന്ദ്രന്‍സ് ഹൃദ്യമാര്‍ന്ന പ്രകടനമായിരുന്നു കാഴ്ച വച്ചത്. ഒലിവര്‍ ട്വിസ്റ്റിന്‍റെ ഭാര്യ കുട്ടിയമ്മയായി എത്തിയത് മഞ്ജു പിള്ളയായിരുന്നു. ഇന്ദ്രന്‍സിനൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെയാണ് മഞ്ജുവും കാഴ്ച വച്ചത്. ഹോമിന് ഉറപ്പ് അവാര്‍ഡ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. നടനായി ഇന്ദ്രന്‍സിനെയും നടിയായി മഞ്ജുവിനെയും തെരഞ്ഞെടുക്കുമെന്ന് തന്നെയായിരുന്നു പ്രേക്ഷക പ്രതീക്ഷ. ചിത്രത്തെ പുരസ്കാര പ്രഖ്യാപനത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്.
Adjust Story Font
16