Quantcast

'കേരള സ്റ്റോറി' മത സ്പര്‍ധ വളര്‍ത്തുന്നത്, കേരളത്തെ അവഹേളിക്കുന്നത്; അമിത് ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം.പി

അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറിൽ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണം പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ്

MediaOne Logo

Web Desk

  • Updated:

    2022-11-10 12:45:16.0

Published:

10 Nov 2022 12:38 PM GMT

കേരള സ്റ്റോറി മത സ്പര്‍ധ വളര്‍ത്തുന്നത്, കേരളത്തെ അവഹേളിക്കുന്നത്; അമിത് ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം.പി
X

ന്യൂഡല്‍ഹി: 'ദ കേരള സ്റ്റോറി' എന്ന ഹിന്ദി സിനിമക്കെതിരെ നടപടിയാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി. സിനിമ കേരളത്തെ അവഹേളിക്കാനും മത സ്പര്‍ധ വളര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചതായും ജോണ്‍ ബ്രിട്ടാസ് എം.പി അറിയിച്ചു.

കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ 'കേരള സ്റ്റോറി'യുടെ ടീസര്‍ ആഘോഷപൂർവ്വമാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പറയുന്നത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാർത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാൻ വേണ്ടിമാത്രമല്ല മറിച്ച് സമുദായങ്ങൾക്കിടയിൽ സ്പർധയും സംഘർഷവും സൃഷ്ടിക്കാൻ ലക്ഷ്യം വെച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകൾ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കുമെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ഉത്തർപ്രദേശിലെ സർവകലാശാലകളെക്കുറിച്ചു പറഞ്ഞതിനാണ് ധനമന്ത്രി കെ.എൻ ബാലഗോപാലനിലുള്ള 'പ്രീതി' പിൻവലിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുതിർന്നതെന്നും എന്നാൽ ഒരു സംസ്ഥാനത്തെ അവഹേളിക്കാനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള 'കേരള സ്റ്റോറി'യെക്കുറിച്ചൊന്നും ഗവർണർക്ക് മിണ്ടാട്ടമില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ഭരണഘടന വിഭാവനംചെയ്യുന്ന ആവിഷ്കാര സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കേണ്ടതാണ്. എന്നാൽ ആവിഷ്കാരത്തിന്‍റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെ തടയുന്ന ഒട്ടേറെ വകുപ്പുകൾ നമ്മുടെ ശിക്ഷാ നിയമത്തിലുണ്ട്. 'കേരള സ്റ്റോറി' സിനിമ, ടീസറിലുള്ളതുപോലെയാണെങ്കിൽ ഈ വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്ന് കണ്ണും പൂട്ടിപ്പറയാനാകുമെന്നും ബ്രിട്ടാസ് പറഞ്ഞു. ഐ.എസിനെക്കുറിച്ചും പുറത്തേക്കുപോയവരെക്കുറിച്ചുമൊക്കെ ഒട്ടേറെ ചോദ്യങ്ങൾ പാർലമെന്‍റില്‍ മുറതെറ്റാതെ വരുന്നതാണ്. അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറിൽ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണം പോലും വെളിപ്പെടുത്തിയിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു. വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്.

സിനിമ വ്യാജമായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവർത്തകന്‍ ഇതുസംബന്ധിച്ച് സെൻസർ ബോർ‍ഡിന് പരാതിയും നൽകിയിരുന്നു. സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയിൽ ഉയർ‌ത്തിയിരിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സിനിമയ്ക്ക് എതിരേ കേസെടുക്കാൻ സംസ്ഥാന ഡി.ജി.പി നിർദേശം നല്‍കിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് കേസെടുക്കാൻ നിർദേശം നൽകിയത്. കേരള പൊലീസിന്‍റെ ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നിർദേശം. സിനിമയുടെ ടീസറിൽ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്നാണ് ഹൈടെക് സെൽ റിപ്പോർട്ട്.

TAGS :

Next Story