'ദി കേരള സ്റ്റോറി' ബംഗാളിൽ നിരോധിച്ചതിനെതിരെ നിർമാതാക്കൾ സുപ്രിം കോടതിയിലേക്ക്
വിദ്വേഷം പ്രചരിപ്പക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി സിനിമയ്ക്ക് ബംഗാളിൽ നിരോധനമേർപ്പെടുത്തിയത്
കേരള സ്റ്റോറി
ന്യൂഡല്‍ഹി: വിവാദ ചലച്ചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദർശനം പശ്ചിമ ബംഗാളിൽ നിരോധിച്ചതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ സുപ്രിംകോടതിയിലേക്ക്. സിനിമ പ്രദർശിപ്പിക്കാനുള്ള അനുമതിക്കായി സുപ്രിംകോടതി ഇടപെടണമെന്നാണ് നിർമാതാക്കാളുടെ ആവശ്യം.
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. വിദ്വേഷം പ്രചരിപ്പക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി സിനിമയ്ക്ക് നിരോധനമേർപ്പെടുത്തിയത്.
'ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്റ്റോറിയാണ്, അടുത്തത് ബംഗാൾ ഫയലിനായിരിക്കും പ്ലാൻ ചെയ്യുന്നത്'- മമത പറഞ്ഞു.
അതേസമയം മധ്യപ്രദേശിന് പിന്നാലെ ഉത്തർപ്രദേശും ദ കേരള സ്റ്റോറി സിനിമക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. കേരളത്തിലെ സഹോദരിമാരുടെ കഷ്ടപാട് ജനങ്ങൾ അറിയണമെന്ന് ഉത്തർപ്രേദേശ് മന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. ദിവസങ്ങൾക്കുമുൻപാണ് മധ്യപ്രദേശ് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. എം.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹനാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിൽ മതപരിവർത്തനത്തിനെതിരെ ഇതിനകം നിയമം ഉണ്ടാക്കിയിട്ടുണ്ട്. മതപരിവർത്തനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനാലാണ് സിനിമയ്ക്ക് നികുതി ഒഴിവാക്കുന്നതെന്നാണ് ചൗഹാൻ ന്യായീകരിച്ചത്.
മെയ് അഞ്ചിനാണ് കേരള സ്റ്റോറി തിയേറ്ററുകളിൽ എത്തിയത്. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ട്രെയ്ലറിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. തീവ്രവാദ സംഘടനയായ ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രെയിലറിൽ ആരോപിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.
Adjust Story Font
16