Quantcast

മുടക്കുമുതൽ 45 കോടി, നേടിയത് 66,000 രൂപ!, ആദ്യദിനം വിറ്റുപോയത് 293 ടിക്കറ്റ്-ഇങ്ങനെയുമൊരു 'ദുരന്തചിത്രം'!

ക്ലൈമാക്‌സ് പോലും പൂർണമായി ഷൂട്ട് ചെയ്യാതെ തട്ടിക്കൂട്ട് ചിത്രമായിരുന്നുവത്രെ തിയറ്ററില്‍ റിലീസ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-10-28 06:44:49.0

Published:

28 Oct 2024 6:36 AM GMT

The Lady Killer made in 45 crore, earned just 60k, Indias biggest box office bomb, Indias biggest box office bomb, Bhumi Pednekar, Arjun Kapoor, Indias biggest box office disaster
X

മുംബൈ: അജയ് ബാലിന്റെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ ബോളിവുഡ് ത്രില്ലർ ചിത്രമാണ് 'ദി ലേഡി കില്ലർ'. അർജുൻ കപൂറും ഭൂമി പെട്‌നേക്കറുമാണു ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ദുരന്തങ്ങളിലൊന്നായിരുന്നു ഈ അജയ് ബാൽ ചിത്രം. 45 കോടി രൂപ മുടക്കുമുതലുള്ള 'ദി ലേഡി കില്ലർ' തിയറ്ററിൽനിന്ന് നേടിയത് വെറും 60,000 രൂപയാണെന്ന് കേൾക്കുമ്പോൾ തന്നെ ആ പരാജയത്തിന്റെ ആഴം വ്യക്തമാകും.

99.99 ശതമാനം നഷ്ടമാണ് സിനിമയ്ക്കുണ്ടായതെന്നാണു വിലയിരുത്തൽ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളുടെ മുൻനിരയിൽ തന്നെ വരും 'ദി ലേഡി കില്ലർ'. 2023 നവംബർ മൂന്നിനാണു ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. തിയറ്ററിൽ മാത്രമല്ല, അതിനു മുൻപും ഒരുപാട് ദുരന്തങ്ങൾ പിന്നിട്ടാണു ചിത്രം പ്രേക്ഷകരിലെത്തിയത്. 2022ൽ ആരംഭിച്ച ഷൂട്ടിങ് പലതവണ മുടങ്ങി. പല സീനുകളും മാറ്റി ഷൂട്ട് ചെയ്യേണ്ടിയും വന്നു. എല്ലാം പൂർത്തിയാക്കി തിയറ്ററിലെത്തുമ്പോഴേക്കും ചെലവ് 45 കോടി കടന്നിരുന്നു.

എന്നാൽ, റിലീസിന്റെ ആദ്യദിനം തന്നെ 'ദി ലേഡി കില്ലറി'ന്റെ ദുർവിധിയും നിശ്ചയിക്കപ്പെട്ടിരുന്നു. റിലീസ് ദിനത്തിൽ ഇന്ത്യയിലൊന്നാകെയുള്ള തിയറ്ററുകളിലായി ആകെ വിറ്റുപോയത് വെറും 293 ടിക്കറ്റ്! ഇതിൽനിന്നു ലഭിച്ചത് 38,000 രൂപയും. വെറും 50 സ്‌ക്രീനുകളിലായിരുന്നു പ്രദർശനം ആരംഭിച്ചത്.

'ലേഡി കില്ലറി'ന്റെ പരാജയത്തിനു പ്രേക്ഷകരിൽ പഴിചാരി രക്ഷപ്പെടാനും പറ്റില്ല. ഒരു തട്ടിക്കൂട്ട് ചിത്രമായിരുന്നു തിയറ്ററിലെത്തിയത്. ക്ലൈമാക്‌സ് പോലും പൂർണമായി ഷൂട്ട് ചെയ്തിരുന്നില്ലത്രെ! ഇക്കാര്യം സംവിധായകൻ അജയ് ബാൽ തന്നെ ഒരു അഭിമുഖത്തിൽ സമ്മതിച്ചതാണ്. ഇക്കാര്യം അദ്ദേഹം പിന്നീട് നിഷേധിച്ചെങ്കിലും സത്യം അങ്ങനെ തന്നെ കിടക്കുന്നു.

നേരത്തെ നെറ്റ്ഫ്‌ളിക്‌സുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കരാറിലെത്തുകയും ഡിസംബറിൽ ഒടിടി റിലീസിനു ധാരണയാകുകയും ചെയ്തിരുന്നുവെന്നാണു ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൊണ്ടായിരുന്നുവത്രെ ചിത്രീകരണം പോലും കൃത്യമായി പൂർത്തീകരിക്കാതെ തിടുക്കപ്പെട്ട് നവംബറിൽ തന്നെ തിയറ്ററിൽ റിലീസ് ചെയ്തത്. പേരിനൊരു തിയറ്റർ റിലീസ് നടത്തി ഒടിടി പിടിക്കാമെന്നായിരുന്നു അണിയറപ്രവർത്തകരുടെ ധാരണ.

ഒരു പ്രമോഷനുമില്ലാതെയായിരുന്നു ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ സ്വഭാവം നേരത്തെ അറിഞ്ഞുതന്നെയാകണം പ്രധാന റോൾ നിർവഹിച്ച അർജുൻ കപൂറും ഭൂമിയും ഒരിടത്തും ചിത്രത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. എന്നാൽ, ഒടിടി സ്വപ്‌നം കണ്ട് തിയറ്ററിൽ തട്ടിക്കൂട്ടിയത് ശരിക്കും തിരിച്ചടിയായി. നിർമാതാക്കൾക്കു കൂടുതൽ തിയറ്റർ റിലീസിനു പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് കരാറിൽനിന്നു പിന്മാറുകയും ചെയ്തു. അവിടെയും തീർന്നില്ല. സിനിമയ്ക്കു ലഭിച്ച മോശം അഭിപ്രായം കൊണ്ടാകാം, പലവാതിലുകൾ മുട്ടിനോക്കിയെങ്കിലും ഒരൊറ്റ ഒടിടി പ്ലാറ്റ്‌ഫോമും 'ദി ലേഡി കില്ലർ' ഏറ്റെടുക്കാൻ തയാറായതുമില്ല. ഒടുവിൽ, യൂട്യൂബിൽ 'ടി സീരീസ്' അക്കൗണ്ടിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് റിലീസ് ചെയ്തിരിക്കുകയാണു ചിത്രം. എന്നാൽ, യൂട്യൂബിൽ രണ്ടു മാസം കൊണ്ട് 25 ലക്ഷം പേർ ചിത്രം കണ്ടുകഴിഞ്ഞിട്ടുണ്ട്.

രാജേന്ദർ ജോഷി എന്ന നൈനിത്താളിലെ ഒരു ഫാർമസി ഉടമയുടെ ജീവിതം പ്രമേയമായാണ് 'ദി ലേഡി കില്ലർ' തയാറാക്കിയത്. ജോഷിയുടെ ജീവിതക്കുരുക്കുകളും പരസ്ത്രീ ബന്ധങ്ങളും ഒടുവിൽ ഒരു ദുരൂഹവനിതയുമായുണ്ടായ ബന്ധവുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അർജുൻ കപൂർ ആണ് രാജേന്ദർ ജോഷിയായി എത്തുന്നത്. ഭൂമി പെട്‌നേക്കർ ദുരൂഹവനിതയുടെ റോളിലുമെത്തുന്നു. ടി സീരീസ് ബാനറിൽ ഭൂഷൻ കുമാർ, ശൈലേഷ് ആർ സിങ് തുടങ്ങിയവരാണു നിർമാതാക്കൾ.

Summary: 'The Lady Killer' made in 45 crore, earned just 60k, India's biggest box office bomb

TAGS :

Next Story