കണ്ടുകണ്ട് കൊതി തീരാത്ത 50 വര്‍ഷങ്ങള്‍
1971 ആഗസ്ത് 6ന് പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന വൈക്കംകാരന്‍ ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്
''സിനിമയോട് ആര്‍ത്തിയാണ്. അടങ്ങാത്ത ആര്‍ത്തിയാണ്. അതുകൊണ്ടാണ് ഞാന്‍ ഇത്രയുമധികം സിനിമകള്‍ ചെയ്യുന്നതും കഥ കേള്‍ക്കുന്നതും. ബുഫെക്ക് പോകുമ്പോള്‍ നമുക്ക് എല്ലാ ഭക്ഷണവും എടുത്ത് കഴിക്കാനാകില്ലല്ലോ, എന്നാല്‍ നമ്മള്‍ എന്തെങ്കിലുമൊക്കെ കഴിക്കും, അതാണ് എന്‍റെ അവസ്ഥ.'' ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞു. സത്യമായിരുന്നു ആ വാക്കുകള്‍. കാരണം ആ ആര്‍ത്തി കൊണ്ട് മമ്മൂട്ടി മലയാളിയെ തന്‍റെ സിനിമകളിലേക്ക് വലിച്ചിടുകയായിരുന്നു. ഒരിക്കലും ഇറങ്ങിപ്പോകാനാവാത്ത വിധം.
സിനിമയും ആരാധകരും നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടന്‍. മമ്മൂട്ടിയെ ഇഷ്ടപ്പെടാന്‍ മലയാളിക്ക് കാരണങ്ങളേറെയാണ്. വെള്ളിത്തിരയിലെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടിട്ടും മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും നമുക്ക് പുതിയതാകുന്നു. അടുത്ത മാസം എഴുപതാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുമ്പോഴും ഒരു യുവാവിന്‍റെ ചുറുചുറുക്കോടെ അടുത്ത കഥാപാത്രമാവാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂക്ക.
ഏതൊരു സിനിമാപ്രേമിക്കും മമ്മൂട്ടിയുടെ അഭ്രപാളിയിലെ ജീവിതം കാണാപ്പാഠമാണ്. അഭിനയം പഠിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകവും. 1971 ആഗസ്ത് 6ന് പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന വൈക്കംകാരന്‍ ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. പറയുന്നതുപോലെ തന്നെ അതൊരു മുഖം കാണിക്കല്‍ മാത്രമായിരുന്നു. പേരോ പേരിനൊരു സംഭാഷണം പോലുമില്ലാത്ത ചിത്രം. 1980ല്‍ റിലീസ് ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന പേര് തിരശ്ശീലയില്‍ തെളിഞ്ഞു. പിന്നെ അത് ഒരിക്കലും മായാതെ കൂടുതല്‍ കൂടുതല്‍ തെളിമയോടെ തെളിഞ്ഞു നിന്നു. എണ്‍പതുകളില്‍ അത് കത്തിജ്വലിച്ചു. അപ്രധാന വേഷങ്ങളിലൂടെ പതിയെ പതിയെ മുഖ്യധാരയിലേക്കെത്തുകയായിരുന്നു മമ്മൂട്ടി.
ആകാരഭംഗി, ശബ്ദ ഗാഭീര്യം...വ്യത്യസ്തമായ കഥാപാത്രങ്ങള്‍...മലയാളിക്ക് മമ്മൂട്ടി എല്ലാം തികഞ്ഞൊരു നടനായിരുന്നു. ബാലന്‍ മാഷ്, ജി.കെ, പുട്ടുറുമീസ്, മേലേടത്ത് രാഘവന്‍ നായര്‍ മാട, ഭാസ്കര പട്ടേല്‍, ചന്തു ചേകവര്‍, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, പ്രാഞ്ചിയേട്ടന്‍...പറഞ്ഞാല്‍ തീരാത്ത, കണ്ടു കണ്ടു കൊതി തീരാത്ത മമ്മൂട്ടികള്‍..അല്ല അവരൊന്നിലും കണ്ടത് മമ്മൂട്ടിയെ ആയിരുന്നില്ല...ആ കഥാപാത്രങ്ങളെയായിരുന്നു.
''ചരിത്രം മമ്മൂട്ടിയെയല്ല... മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്'' മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസ് കുറിച്ചു.
എന്നാല്‍ എഴുത്തുകാരനായിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ് കുട്ടിയായേനെ എന്നാണ് ഈയിടെ മമ്മൂട്ടി പറഞ്ഞത്. പക്ഷെ മലയാളികള്‍ പറയും മമ്മൂട്ടി മമ്മൂട്ടി ആയാല്‍ തന്നെ മതിയെന്ന്.. അല്ലെങ്കില്‍ പിന്നെ പഴശ്ശിരാജയും അമുദവനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സുമെല്ലാം ഒരിക്കലും വെള്ളിത്തിരയില്‍ പിറക്കാതെ പോകുമായിരുന്നു...
Adjust Story Font
16