Quantcast

'60 അടി താഴ്ചയുള്ള മലയില്‍ 18 അടി റാമ്പില്‍ കപ്പേള'; കപ്പേളയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ഒരുക്കിയത് ഇങ്ങനെ, ദേശീയ പുരസ്കാര നേട്ടത്തില്‍ അനീസ് നാടോടി

കോഴിക്കോട് തിരുമ്പാടിക്ക് അടുത്തുള്ള പൂവാറന്തോട് ആണ് സിനിമയിലെ വയനാടിനെ ചിത്രീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്

MediaOne Logo

ijas

  • Updated:

    2022-07-22 15:33:41.0

Published:

22 July 2022 3:29 PM GMT

60 അടി താഴ്ചയുള്ള മലയില്‍ 18 അടി റാമ്പില്‍ കപ്പേള; കപ്പേളയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ഒരുക്കിയത് ഇങ്ങനെ, ദേശീയ പുരസ്കാര നേട്ടത്തില്‍ അനീസ് നാടോടി
X

മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ പുരസ്കാരം നേടിയ അനീസ് നാടോടി കപ്പേളയുടെ സെറ്റ് നിര്‍മിച്ചത് വലിയ തടസ്സങ്ങള്‍ മറികടന്ന്. കോഴിക്കോട് തിരുമ്പാടിക്ക് അടുത്തുള്ള പൂവാറന്തോട് ആണ് സിനിമയിലെ വയനാടിനെ ചിത്രീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. പ്രകൃതിയോടടുത്ത് നില്‍ക്കുന്ന ഇവിടം സിനിമയുടെ ഭൂപ്രകൃതിയാക്കി മാറ്റുന്ന ജോലിയാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിച്ച അനീസ് നാടോടി നിര്‍വ്വഹിച്ചത്. ഇതിനായി 60 അടിയോളം താഴ്ചയുള്ള മലയില്‍ 18 അടി റാമ്പില്‍ സിനിമയ്ക്കായി കപ്പേള നിര്‍മിച്ചു. അതിനായി മലയുയെ കൂര്‍ത്തമുനയുള്ള അറ്റം വേണമെന്നത് സംവിധായകനായ മുസ്തഫയുടെ നിര്‍ദേശമായിരുന്നുവെന്ന് അനീസ് നാടോടി പറയുന്നു. സിനിമയില്‍ കപ്പേള ഒരുക്കുന്നതിനിടെ കലാ സംവിധായക സംഘത്തിലുള്‍പ്പെട്ട ജിത്തു എന്നയാളുടെ കൈകുഴക്ക് സാരമായി പരിക്കേറ്റിരുന്നതായും അനീസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അഞ്ചു കിലോമീറ്റര്‍ മലകയറി മലമുകളില്‍ മാത്രം കാണുന്ന പുല്ലുകള്‍ ശേഖരിക്കുന്നതിനിടെയാണ് ഇങ്ങനെ സംഭവിച്ചത്. കപ്പേളയുടെ നിര്‍മാണത്തിനായി ഇരുമ്പ് പൈപ്പുകള്‍ ഘടിപ്പിച്ച് മലയ്ക്ക് മുകളില്‍ സ്ഥാപിക്കുന്നതിന്‍റെ ചിത്രങ്ങള്‍ അനീസ് നാടോടി നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് അനീസ് നാടോടി സിനിമാ കലാ സംവിധാന രംഗത്തേക്കെത്തുന്നത്. വരത്തന്‍, തമാശ, ലൂക്ക, കപ്പേള, ഹലാല്‍ ലവ് സ്റ്റോറി എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ അനീസ് നാടോടി ശ്രദ്ധ നേടിയിരുന്നു. ബിസ്മി സ്പെഷ്യല്‍, ജാക്സണ്‍ ബസാര്‍ യൂത്ത്, ഈയല്‍, ആരവം, ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! എന്നിവയാണ് അനീസ് നാടോടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ആണ് കലാ സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം.


അനീസ് നാടോടി കപ്പേളയുടെ കലാ സംവിധാനത്തെ കുറിച്ച് പറയുന്നത്:

കപ്പേളയിലെ കപ്പേള.എല്ലാ സിനിമകളിലും ആർട്ട് ഡയറക്ടർ എന്ന നിലയിൽ നമ്മളെ ചലഞ്ചു ചെയ്യുന്ന വല്ലതും വേണമെന്ന് നിർബന്ധം പിടിക്കാൻ നമുക്ക് കഴിയില്ല. എന്നാൽ എല്ലാ സിനിമയിലും വർക്ക് ചെയ്യുമ്പോൾ നമ്മുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന ഒരു സെറ്റ് അല്ലെങ്കിൽ സെറ്റപ്പ് എപ്പോഴും ഉണ്ടാകാറുണ്ട്. അതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകുമെങ്കിലും. കപ്പേള എന്ന സിനിമയിൽ പ്രധാന കഥാപാത്രം തന്നെയായിരുന്ന കപ്പേള ഒരുക്കിയത് അത്തരത്തിൽ ഒന്നായിരുന്നു. ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്ന്.

അഭിനേതാവും എന്‍റെ നാട്ടുകാരനും കൂടിയായ മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത, അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂസ്‌ എന്നിവർ അഭിനയിച്ച കപ്പേള എന്ന സിനിമ നിങ്ങളിൽ ചിലരെങ്കിലും കണ്ടു കാണുമെന്നു പ്രതീക്ഷിക്കുന്നു. അതിലെ പ്രധാന കഥാപത്രങ്ങളിൽ ഒന്നും, നായികയുടെ ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്നായുമാണ് സംവിധായകൻ ഇതിനെ വിഭാവനം ചെയ്തത്, ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊളിഞ്ഞ എന്നാൽ മാതാവിന്‍റെ രൂപം മാത്രം ബാക്കിയുള്ള, നായികയായ ജെസ്സി തനിച്ചു മാത്രം പ്രാർഥിക്കാനും, ഒരു കൂട്ടുകാരിയോടെന്ന പോലെ സംസാരിക്കാനും ഇരിക്കുന്ന ഇടം.


നായികയുടെ നാടായ വയനാടിനെ ചിത്രീകരിക്കാൻ മുസ്തഫ തന്നെ കണ്ടുപിടിച്ച സ്ഥലമാണ് പൂവാറന്തോട്.പേര് പോലെ തന്നെ തോടുകളും നീർചാലുകളും നിറഞ്ഞ ഒരു കുഞ്ഞു ഗ്രാമം, വളരെ കുറച്ചു മനുഷ്യർ താമസിച്ചു പോരുന്ന ഈ നാട്ടിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജാതി തോട്ടം ഇവിടെ ആണെന്നാണ് ഇവിടുത്തുകാർ അവകാശപെടുന്നത്. അവരുടെ പള്ളിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്തെ കായ് ഫലമില്ലാത്ത കൗങ്ങുകൾ മുറിക്കാൻ അനുവദിച്ചുകൊണ്ടു കപ്പേള നിർമിക്കാൻ സ്ഥലം തന്നത് പള്ളിലച്ചനാണ്.

60 അടിയയോളം താഴ്ചയുള്ള ആ മലയിൽ 18 അടിയോളം നീളത്തിൽ ഉണ്ടാക്കിയ റാമ്പിലാണ് കപ്പേള ഉണ്ടാക്കിയത്, അത്തരത്തിൽ ഒരു മലയുടെ കൂർത്ത അറ്റം പോലെ വേണം എന്നതും , പുറകിൽ വലിയ ലാൻഡ് സ്കേപ് വേണം എന്നതും സംവിധായകന്‍റെ ആവശ്യമായിരുന്നു. അതനുസരിച്ചു ആ സ്ഥലം perfect ആയത് കൊണ്ടാണ്‌ അത്രയും ആഴത്തിൽ ഉള്ള സ്ഥലത്ത് തന്നെ ലോക്കേഷൻ തീരുമാനിച്ചത്.

കാർപെന്‍റര്‍ ബാവ കൂടെ ജംഷിയും പേടിയൊന്നും ഇല്ലാതെ കപ്പേളയുടെ ജോലി തുടങ്ങിയപ്പോൾ, ജിത്തുവും കൂട്ടരും 4,5 കിലോമീറ്റർ മല കയറി മലമുകളിൽ മാത്രം കാണുന്ന പുല്ലുകളും പൂക്കളും ചെടികളും കപ്പേളക്ക് വേണ്ടി ശേഖരിച്ചു. തുടർച്ചയായി പുല്ലു പറിച്ചു ജിത്തുവിന്‍റെ കൈകുഴക്ക് സാരമായ പരിക്ക് സംഭവിച്ചിരുന്നു. assistant director സുജാസ് ആണ് പറഞ്ഞത് കാട്ടിൽ മലക്ക് മുകളിൽ നമുക്ക് പറ്റുന്ന ഭംഗിയുള്ള ചെടികളും പൂക്കളും ഉണ്ടെന്ന് പറഞ്ഞത്. ജിത്തുവിന്‍റെയും ശശിയേറ്റണയും കൂടെ സച്ചു വിവേക് കുഞ്ഞു ഗോകുൽ അപ്പു റിസ്വാൻ എന്നിവർ കൂടിയപ്പോ മനസ്സിൽ കണ്ട കപ്പേള അവർ വരച്ചു വെച്ചു.

TAGS :

Next Story