'പരസ്യത്തിന്‍റെ പരസ്യം' കണ്ടത് 50 ലക്ഷം പേർ
മാധ്യമപ്രവർത്തകൻ എസ്.എൻ. രജീഷ് സംവിധാനം ചെയ്ത പരസ്യം പുറത്തിറങ്ങുന്നതിനു മുൻപെ ഇതിന്‍റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു
നടി ഭാവന അഭിനയിച്ച പരസ്യചിത്രം പ്രചാരണത്തിന്‍റെ പുതുമകൊണ്ട് ദൃശ്യമാധ്യമരംഗത്ത് ചർച്ചയാകുന്നു. സ്തനാർബുദ പ്രതിരോധ ക്യാമ്പയിന്‍റെ ഭാഗമായി ദ സർവൈവൽ എന്ന പേരിൽ നിർമിച്ച പരസ്യ ചിത്രമാണ് പ്രചാരണത്തിലെ വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായത്. മാധ്യമപ്രവർത്തകൻ എസ്.എൻ. രജീഷ് സംവിധാനം ചെയ്ത പരസ്യം പുറത്തിറങ്ങുന്നതിനു മുൻപെ ഇതിന്‍റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. 50 ലക്ഷത്തോളം പേരാണ് ചിത്രം കണ്ടത്.
നീണ്ട ഇടവേളയ്ക്കു ശേഷം ഭാവന അഭിനയരംഗത്തേക്കു തിരിച്ചു വന്നത് ഈ പരസ്യം വഴിയായിരുന്നു. സിനിമയുടെ രീതിയിൽ ചിത്രീകരിച്ച പരസ്യത്തിന്‍റെ പോസ്റ്ററാണ് ആദ്യം പ്രചരിച്ചത്. ഭാവന പഞ്ചിങ് പാഡിൽ വ്യായാമം ചെയ്യുന്ന ചിത്രത്തോടു കൂടിയുള്ള പോസറ്റർ മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിനു പേർ ഷെയർ ചെയ്തു. തൊട്ടുപിന്നാലെ സെക്കൻഡുകൾ ദൈർഘ്യമുള്ള ടീസറും പുറത്തെത്തി. പരസ്യം പുറത്തിറക്കുന്നതിനു മുൻപെ തന്നെ ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത് ഇതാദ്യം.
ചിത്രീകരണ വേളയിൽതന്നെ പോസ്റ്ററും ടീസറും പുറത്തിറക്കുകയായിരുന്നെന്ന് സംവിധായകൻ എസ്.എൻ. രജീഷ് പറയുന്നു. മുഖ്യധാര മാധ്യമങ്ങൾക്കായി നിർമിച്ചതാണെങ്കിലും ചിത്രം സോഷ്യൽ മീഡിയെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രചാരണമുണ്ടായി. സിനിമ, മാധ്യമ മേഖലകളിലുളള നിരവധിപേർ ഇതെക്കുറിച്ച് വിളിച്ചന്വേഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അർബുദ അതിജീവനത്തിന്‍റെ സാധ്യതകളെക്കുറിച്ചുള്ള വിഷയം കേട്ടതിനു പിന്നാലെ ഭാവന അഭിനയിക്കാൻ തയ്യാറാകുകയായിരുന്നു. മാത്രമല്ല, പരസ്യത്തിന്‍റെ പ്രീ ലോഞ്ചിനോടും അവർ സഹകരിച്ചു. ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടീസറിനോട് ആയിരക്കണക്കിന് ആരാധകരാണ് പ്രതികരിച്ചത്.
രണ്ടു പതിറ്റാണ്ടിലേറെയായി മാധ്യമമേഖലയിലുള്ള രജീഷ് ഇതിനകം നിരവധി പരസ്യചിത്രങ്ങൾ ചെയ്തിട്ടുണ്ട്. പുതിയ പരീക്ഷണം വലിയ ഹിറ്റായതിനു പിന്നാലെ സിനിമയിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് അദ്ദേഹം. തിരക്കഥയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ ഇതെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും രജീഷ്. പരസ്യരംഗത്തെ പുതുമ ചർച്ചയായതോടെ, നിരവധി പേർ ഈ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ്.
Adjust Story Font
16