'അജഗജാന്തരം' പ്രേക്ഷകരിലേക്ക്; മുന്നൂറോളം തിയറ്ററുകളില്‍ റിലീസ് ചെയ്യും
'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം
ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' പൂജ അവധിയ്ക്ക് തിയറ്ററിലെത്തും. സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്നും സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ അത് പരിഗണിക്കുമെന്നും സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണിത്.
ചിത്രം പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്നും 300ല്‍ പരം തിയറ്ററുകളില്‍ എത്തിക്കുമെന്നും പുതിയ പോസ്റ്ററിലൂടെ അണിയറക്കാര്‍ അറിയിച്ചു. നിലവില്‍ തിയറ്റര്‍ തുറന്നിട്ടില്ലാത്തതുകൊണ്ട് റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം.
ചെമ്പന്‍ വിനോദ്, അര്‍ജ്ജുന്‍ അശോകന്‍, സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗ്ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. ഉത്സവപ്പറമ്പില്‍ നടക്കുന്ന സംഘട്ടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‍.
Adjust Story Font
16