'എന്റെ പേരിനെ അവര്‍ വെറുക്കുന്നു'; വിദ്വേഷ സന്ദേശങ്ങളില്‍ നടന് ആദില്‍ ഇബ്രാഹീം
'വെറുപ്പിന്റെ സന്ദേശങ്ങള്‍ അയക്കുന്നവരെ ഭയപ്പെടുന്നില്ല, അവരോട് സഹതാപം മാത്രം'
സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയുള്ള വിദ്വേഷ സന്ദേശങ്ങളില്‍ രൂക്ഷ പ്രതികരണവുമായി നടന് ആദില്‍ ഇബ്രാഹീം. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയുള്ള വിദ്വേഷ സന്ദേശങ്ങളിലാണ് ആദില്‍ ഇബ്രാഹീം രൂക്ഷ പ്രതികരണം അറിയിച്ചത്. 'മുസ്ലിമായ നിങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നു, നിങ്ങള്‍ ഇസ്ലാം മതത്തിന് വേണ്ടിയാണ് ജീവിച്ചത്. എന്നാല്‍ ഹിന്ദൂയിസത്തിനകത്ത് ഏറ്റവും മോശമായത് നേരിടേണ്ടി വരുന്ന ഒരു ദിവസം വരും. ഞങ്ങള്‍ നിങ്ങളെ വെറുതെ വിടില്ല, ഇന്ത്യക്കാര്‍, ഹിന്ദുക്കള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിന്റേ മേല്‍ ചെയ്യും', എന്ന തരത്തിലുള്ള വെറുപ്പ് പടര്‍ത്തുന്ന സന്ദേശങ്ങളാണ് ആദിലിന് ലഭിച്ചത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടും ആദില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇവിടെയുള്ള കുറച്ച് ആളുകള്‍ തന്റെ പേരിനെ വെറുക്കുന്നതായും താന്‍ വിശ്വസിക്കുന്ന വിശ്വാസത്തിലേക്ക് ആരെയും ബലം പ്രയോഗിച്ച് ചേര്‍ക്കാറില്ലെന്നും ആദില്‍ കുറിപ്പില്‍ വിശദീകരിക്കുന്നു. വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങൾ സാധാരണ പങ്കുവെക്കാറില്ലെന്ന് പറഞ്ഞ ആദില്‍ ഇപ്പോള്‍ എല്ലാ പരിധികളും കടന്നപ്പോഴാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതെന്നും വ്യക്തമാക്കി. വെറുപ്പിന്റെ സന്ദേശങ്ങള്‍ അയക്കുന്നവരെ ഭയപ്പെടുന്നില്ലെന്നും അവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ആദില്‍ പറഞ്ഞു.
ആദിലിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്:
ഞാൻ ഈ പോസ്റ്റ് ഉടൻ ഡിലീറ്റ് ചെയ്തേക്കാം. എനിക്ക് അനുകൂലമായോ പ്രതികൂലമായോ അഭിപ്രായങ്ങള്‍ വരുമെന്നുറപ്പാണെങ്കിലും എനിക്ക് ഇതിവിടെ പുറത്തുവിട്ടേ മതിയാകൂ. ക്ഷമിക്കണം
രണ്ട് വര്‍ഷത്തോളമായി, സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നതില്‍ നിന്നും ഞാൻ പൂര്‍ണമായും വിട്ടുനിൽക്കുന്നു, എന്നാൽ അറിവ് അന്വേഷണത്തിനും ലോകത്തെ മനസ്സിലാക്കുന്നതിനും എന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുന്നതിനും ഞാൻ ഇവിടെ സജീവമായി നില്ക്കുന്നു. എന്നാല്‍ ഇവിടെ നില്ക്കുമ്പോഴെല്ലാം എനിക്ക് ഇത്തരം വിചിത്രമായ മെസേജുകള്‍ ഓരോ തവണയും ലഭിക്കുന്നു. ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളില്‍ നിന്നും കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ വിധിയെഴുതുന്ന മനുഷ്യരുടെയടുത്ത് നിന്നുമുള്ള വെറുപ്പിന്റെ സന്ദേശങ്ങള്‍ ആണിത്.
വിദ്വേഷ സന്ദേശങ്ങളോടുള്ള എന്റെ ഏറ്റവും അവസാന പ്രതികരണമാണിത്. എനിക്കറിയാം, ഞാൻ എന്നത് അറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഒരാളാണെന്ന്, അതിന് ആരുടെയും സാധൂകരണം ആവശ്യമില്ല. ഇനിയും മികച്ചതാവാനാണ് ഞാന്‍ പരിശീലിക്കുന്നതും. എന്റെ വിശ്വാസത്തിലേക്ക് ഞാന്‍ ആരെയും ബലം പ്രയോഗിച്ച് തള്ളിവിടാറില്ല. വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കാന്‍ എന്നെ അനുവദിക്കൂ. വെറുക്കപ്പെടുമെന്ന ഭയമില്ലാതെ ഞാന്‍ ജീവിക്കട്ടെ. എന്തെന്നാല്‍ കുറച്ച് ആളുകള്‍ എന്റെ പേരിനെ വെറുക്കുന്നു.
ഞാൻ ഒരിക്കലും ഇത്തരം കാര്യങ്ങൾ ഇവിടെ പങ്കുവെക്കാറില്ല, എന്നാൽ ഇപ്പോള്‍ എല്ലാ പരിധികളും കടക്കുന്നു. അതിനാൽ ഇത് കാണുന്ന അത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ അറിയാന്‍, ഞാൻ നിങ്ങളെ ഭയപ്പെടുന്നില്ല, എനിക്ക് നിങ്ങളോട് സഹതാപം മാത്രമേയുള്ളൂ.
മനുഷ്യരുടെ മനസ്സുകള്‍ വിശാലമാണ്, അതില്‍ അവര്‍ക്ക് വിവേകത്തോടെയുള്ള തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ ലോകം മനോഹരമാണ്, നമ്മൾ ഒരുമിച്ചിരിക്കുന്നതില്‍ നാമെല്ലാവരും നന്ദിയുള്ളവരാവണം. നമ്മളില്‍ നിന്നും നമ്മളെ തന്നെ രക്ഷിക്കേണ്ട ഒരു സ്ഥലത്ത് നമ്മള് എത്താതിരിക്കട്ടെ.
ഈ പോസ്റ്റ് ചർച്ചകൾക്കോ സഹതാപത്തിനോ വിദ്വേഷം വിതറാനോ വേണ്ടിയല്ല, മറിച്ച്, ഇനിയങ്ങോട്ടെങ്കിലും ചെറിയ രൂപത്തിലുള്ള വിദ്വേഷത്തിൽ നിന്നാണെങ്കിലും ഒഴിഞ്ഞുനിൽക്കേണ്ട ആവശ്യമുണ്ടെന്ന് എല്ലാവരേയും ബോധവാന്‍മാരാക്കാനാണിത്. ലോകത്തെ അതിന്റെ വൈവിധ്യത്തോടെ ഉൾക്കൊള്ളാൻ നമ്മുടെ മനസ്സിനും ഹൃദയത്തിനും സാധിക്കേണ്ടതായുണ്ട്.
Adjust Story Font
16