ഒഎംജി 2വിലെ ഈ താരത്തിന് സിനിമ കാണാന്‍ അനുമതിയില്ല; കാരണമിതാണ്
ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു
ആരുഷ് വര്‍മ
മുംബൈ: അക്ഷയ് കുമാര്‍ നായകനായി ഈയിടെ പുറത്തിറങ്ങിയ ചിത്രമാണ് ഒഎംജി 2. ശിവഭഗവാന്‍റെ ദൂതനായി അക്ഷയ് അഭിനയിക്കുന്ന ചിത്രം വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. ആരുഷ് വര്‍മ എന്ന കുട്ടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ശിവഭക്തനായ കാന്തി ശരൺ മുദ്ഗലിന്‍റെ(പരേഷ് റാവല്‍) മകനായിട്ടാണ് ആരുഷ് അഭിനയിക്കുന്നത്. എന്നാല്‍ താന്‍ അഭിനയിച്ച ചിത്രം കാണാന്‍ ആരുഷിന് അനുമതിയില്ല. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളതുകൊണ്ടാണ് 16കാരനായ ആരുഷിന് ഒഎംജി 2 കാണാന്‍ സാധിക്കാത്തത്.
സെന്‍സര്‍ ബോര്‍ർഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്. ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്‍റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നായകനായ അക്ഷയിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസിനെതിരെ കഴിഞ്ഞ ദിവസം ആഗ്രയിൽ പ്രതിഷേധമുണ്ടായി രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർ ശ്രീ ടാക്കീസിന് പുറത്ത് തടിച്ചുകൂടി, സിനിമയുടെ പ്രദർശനം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.അക്ഷയ് കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്തു.
അമിത് റായ് രചനയും സംവിധാനവും നിർവ്വഹിച്ച ഒഎംജി 2 കേപ് ഓഫ് ഗുഡ് ഫിലിംസും വക്കാവുവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ ഒഎംജി-ഓ മൈ ഗോഡിന്‍റെ തുടര്‍ച്ചയാണ് ചിത്രം.
Adjust Story Font
16