സ്റ്റീവൻ സ്പിൽബർഗ്, ജുറാസിക് പാർക്ക്..ആരും കൊതിക്കുന്ന റോൾ; ശ്രീദേവി അത് നിരസിച്ചത് എന്തിന്?
അവസാനമായി അഭിനയിച്ച 'മോം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ശ്രീദേവി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന താരം, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച മികച്ച അഭിനേത്രി, ശ്രീദേവിയുടെ അറുപതാം ജന്മദിനമാണ് ഇന്ന്. ബോളിവുഡിൽ ഒന്നിനു പിറകെ ഒന്നായി ഹിറ്റുകളുടെ ഭാഗമായതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു ശ്രീദേവി. എന്നാൽ, ഹോളിവുഡിൽ ഒരു ഭീമൻ പ്രൊജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിച്ചിട്ടും താരം അത് നിരസിക്കുകയായിരുന്നു.
സ്റ്റീവൻ സ്പിൽബർഗിന്റെ 1993ൽ പുറത്തിറങ്ങിയ 'ജുറാസിക് പാർക്ക്' എന്ന സിനിമയിൽ അഭിനയിക്കാനാണ് ശ്രീദേവിക്ക് അവസരം ലഭിച്ചത്. അവസാനമായി അഭിനയിച്ച 'മോം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ശ്രീദേവി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ് സിനിമകൾ ചെയ്യുന്നത് അന്ന് അന്യമായിരുന്നു എന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ, ഇപ്പോൾ അത് അഭിമാനമാണെന്നും അവർ അഭിമുഖത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്.
ആഗോളതലത്തിൽ 900 മില്യൺ ഡോളറിലധികം നേടി വൻ വാണിജ്യ വിജയം നേടിയ ചിത്രമാണ് സ്പിൽബർഗിന്റെ ജുറാസിക് പാർക്ക്. 1990ൽ മൈക്കൾ ക്രിക്ക്റ്റണ്‍ എഴുതിയ ജുറാസിക് പാർക്ക് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. 1993ൽ വാഷിങ്ടണിലെ അപ് ടൗണ്‍ തിയേറ്ററിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.
ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിലെത്തിയത്. നാലാം വയസ്സിൽ 'തുണൈവൻ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1980 കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26 മലയാള സിനിമകളിലും ശ്രീദേവി വേഷമിട്ടിട്ടുണ്ട്.
Adjust Story Font
16