'ഈ കപ്പലിനൊരു കപ്പിത്താനുണ്ട് സാര്‍'; ടൈറ്റാനിക്ക് വീണ്ടും തിയറ്ററുകളിലേക്ക്, വരുന്നത് ത്രീ.ഡി ഫോര്‍.കെയില്‍
ചിത്രം പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് ടൈറ്റാനിക്ക് വീണ്ടും സിനിമാ ആസ്വാദകരിലേക്ക് എത്തുന്നത്
യാത്ര പുറപ്പെട്ട് മൂന്നാം ദിവസം ഒരു പടുകൂറ്റൻ മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന് മുങ്ങിയ ആര്‍.എം.എസ് ടൈറ്റാനിക്ക് എന്ന കപ്പലിന്‍റെ ദുരന്തത്തെ ആസ്പദമാക്കി ജെയിംസ് കാമറൂൺ ഒരുക്കിയ ടൈറ്റാനിക്ക് സിനിമ വീണ്ടും തിയറ്ററുകളിലെത്തുന്നു. ചിത്രം പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് ടൈറ്റാനിക്ക് വീണ്ടും സിനിമാ ആസ്വാദകരിലേക്ക് എത്തുന്നത്. ചിത്രം ത്രീ.ഡി ഫോര്‍ കെ ദൃശ്യതയോടെയാകും ഇത്തവണ പ്രേക്ഷകരിലെത്തുക. ഫെബ്രുവരി 10ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇരുപത്തിയഞ്ചാം വാര്‍ഷിക പ്രത്യേക ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ടൈറ്റാനിക് ദുരന്തത്തിന്‍റെ നൂറാം വാർഷിക സമയമായ 2012 ഏപ്രിലിൽ ചിത്രത്തിന്‍റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തിയിരുന്നു.
മികച്ച ചിത്രം, സംവിധായകൻ, ഛായാഗ്രഹണം ഉൾപ്പെടെ 11 അക്കാദമി അവാർഡുകൾ നേടിയ ചിത്രം 1997ലാണ് ആദ്യമായി സ്ക്രീനിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി ഉടനെ തന്നെ ആഗോള ബോക്‌സ് ഓഫീസ് ജേതാവായി മാറുകയും ചെയ്തു. നിലവിൽ ലോകമെമ്പാടുമുള്ള സിനിമകളില്‍ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് ടൈറ്റാനിക്കിന് സ്വന്തമാണ്.
ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്. ദുരന്ത ചിത്രമെന്നതിനപ്പുറം പ്രണയ ചിത്രമെന്ന ലേബലില്‍ കൂടിയാണ് ടൈറ്റാനിക്ക് ആഗോള പ്രശസ്തി നേടിയത്.
Adjust Story Font
16