മണവാളൻ വസീമും വ്‌ളോഗർ ബീപാത്തുവും വീണ്ടും വരുന്നു; 'തല്ലുമാല 2' സൂചന നൽകി നിര്‍മ്മാതാവ്
ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിർമ്മാതാക്കൾ
കൊച്ചി: ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായി 2022ല്‍ പ്രദർശനത്തിന് എത്തിയ ഹിറ്റ് ചിത്രമായിരുന്നു തല്ലുമാല. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തല്ലുമാലയുടെ രണ്ടാം ഭാഗം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിഖ് ഉസ്മാന്‍.
ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ‘തല്ലുമാല 2 ലോഡിങ് സൂണ്‍' എന്ന ഹാഷ്ടാഗോഡ് കൂടി ആഷിഖ് ഉസ്മാന്‍ തല്ലുമാലയുടെ രണ്ടാം ഭാഗം വരുന്നു എന്ന സൂചന നൽകിയത്.
കൊവിഡിനു ശേഷമുള്ള മലയാളം തിയറ്റര്‍ റിലീസുകളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു തല്ലുമാല. 2022 ഓഗസ്റ്റ് 12നായിരുന്നു തല്ലുമാല തിയേറ്ററുകളില്‍ എത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. അഷ്‌റഫ് ഹംസയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നായിരുന്നു രചന.
മണവാളന്‍ വസിമായി ടൊവിനോ എത്തിയപ്പോൾ ബീപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ആദി ജോയ്,ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Adjust Story Font
16