ഞങ്ങളുടെ അമ്മയെ അഭിസാരികയായി ചിത്രീകരിച്ചു; ഗംഗുഭായ് കത്തിയവാഡി സിനിമക്കെതിരെ കുടുംബം
ഗംഗുഭായിയുടെ ദത്തുപുത്രൻ ബാബു റാവുജി ഷായും ചെറുമകൾ ഭാരതിയുമാണ് രംഗത്തെത്തിയത്
കാമാത്തിപുരയിലെ മാഫിയ ഡോണ്‍ ഗംഗുഭായിയുട ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ഗംഗുഭായ് കത്തിയവാഡിയക്കെതിരെ കുടുംബം. ഗംഗുഭായിയുടെ ദത്തുപുത്രൻ ബാബു റാവുജി ഷായും ചെറുമകൾ ഭാരതിയുമാണ് രംഗത്തെത്തിയത്.
ചിത്രത്തിനെതിരെ ബാബു റാവുജി 2021ല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കേസിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും നടി ആലിയ ഭട്ടിനും മുംബൈ കോടതി സമൻസ് അയച്ചിരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഗംഗുഭായ് കത്തിയവാഡിയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരായ ക്രിമിനൽ അപകീർത്തി നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകുകയും ചെയ്തു. എന്നാൽ, കേസ് ഇപ്പോഴും പെന്‍ഡിംഗിലാണ്. ''എന്‍റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി, ആളുകൾ ഇപ്പോൾ എന്‍റെ അമ്മയെക്കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങൾ പറയുന്നു." ബാബു ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രെയിലർ പുറത്തിറങ്ങിയതു മുതൽ കുടുംബം മുഴുവൻ ഞെട്ടലിലായിരുന്നുവെന്ന് ഗംഗുഭായിയുടെ കുടുംബ അഭിഭാഷകൻ നരേന്ദ്ര പറഞ്ഞു. ''തെറ്റായ രീതിയിലാണ് ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം അശ്ലീലമായ രീതിയില്‍. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് അഭിസാരികയായി കാണിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ? നിങ്ങള്‍ ഗംഗുഭായിയെ ലേഡി ഡോണ്‍ ആയി ചിത്രീകരിച്ചു'' നരേന്ദ്ര പറഞ്ഞു.
''അമ്മയുടെ പേരില്‍ ഒരു സിനിമ നിര്‍മിക്കുന്നുവെന്ന് അറിഞ്ഞ 2020ലാണ് ബാബുജി പോരാട്ടം ആരംഭിക്കുന്നത്. അന്നു മുതല്‍ അവര്‍ ഒളിവിലാണ്. അന്നുമുതൽ കുടുംബം ഒളിവിലായിരുന്നു. അവർ വീടുകൾ മാറി അന്ധേരിയിലേക്കോ ബോറിവലിയിലേക്കോ പോകുന്നു. ചിത്രീകരണത്തെക്കുറിച്ച് നിരവധി ബന്ധുക്കളും ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്, ഗംഗുഭായ് ശരിക്കും ഒരു വേശ്യയായിരുന്നോ, അവർ പറഞ്ഞതുപോലെ ഒരു സാമൂഹിക പ്രവർത്തകയല്ലേ എന്നും അവര്‍ കുടുംബത്തോട് ചോദിച്ചു. കുടുംബത്തിന്‍റെ മാനസികനില തന്നെ തെറ്റിയിട്ടുണ്ട്. ആര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല'' അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
''എന്‍റെ മുത്തശ്ശി കാമാത്തിപുരയിലാണ് താമസിച്ചിരുന്നത്. അപ്പോൾ അവിടെ താമസിക്കുന്ന എല്ലാ സ്ത്രീകളും വേശ്യകളായി മാറിയോ? മുത്തശ്ശി രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ ദത്തെടുത്തിട്ടുണ്ട്. ഞങ്ങള്‍ ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ ഞങ്ങളെ മോശമായിട്ടാണ് കാണുന്നത്. മുത്തശ്ശി കുട്ടികളെ ദത്തെടുക്കുമ്പോള്‍ കര്‍ശനമായ ദത്തുനിയമങ്ങള്‍ ഉണ്ടായിരുന്നില്ല'' ചെറുമകള്‍ ഭാരതി പറഞ്ഞു.
ഫെബ്രുവരി 25നാണ് ഗംഗുഭായ് കത്തിയവാഡി തിയറ്ററുകളിലെത്തുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയും ഉത്കര്‍ഷിണി വസിഷ്ഠയും ചേര്‍ന്നാണ് തിരക്കഥാ രചന. ശന്തനു മഹേശ്വരി, ഇന്ദിര തിവാരി, സീമ പഹ്‍വാ, വരുണ്‍ കപൂര്‍, ജിം സര്‍ഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അജയ് ദേവഗണും ഹുമ ഖുറേഷിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
Adjust Story Font
16