Quantcast

ഞാൻ പോരാടിയത് ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെയല്ല; ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ കുറിപ്പ്

നടനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    30 Sep 2022 7:33 AM GMT

ഞാൻ പോരാടിയത് ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെയല്ല; ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ കുറിപ്പ്
X

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ വിശദീകരണവുമായി ഓണ്‍ലൈന്‍ ചാനല്‍ അവതാരക. താൻ പോരാടിയത് ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെയല്ല. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം എന്ന ഒരു ഓർമ്മപ്പെടുത്തലിനു വേണ്ടിയാണെന്ന് അവതാരക ഫേസ്ബുക്കില്‍ കുറിച്ചു.

നടനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ,അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.


ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ കുറിപ്പ്

ഒരാളെയും വ്യക്തിപരമായി വാക്കോ പ്രവൃത്തിയോ കൊണ്ട് ഞാൻ ഉപവിച്ചിട്ടില്ല. എന്‍റെ തൊഴിലിടത്തിൽ ആത്മാഭിമാനത്തെയും, സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിൽ ഉണ്ടായ ഒരു പെരുമാറ്റത്തോട് നിയമപരമായി പ്രതികരിച്ചു എന്ന് മാത്രമേയുള്ളു. പലരും പറഞ്ഞു. ക്ഷമിക്കാവുന്ന തെറ്റല്ലേ ഉള്ളൂ എന്ന് തീർച്ചായും, ഒരു സോറിയിൽ തീർന്നേനെ അത്. അത് ഉണ്ടായില്ല എന്ന് മാത്രമല്ല, abuse is normal എന്ന തരത്തിൽ പ്രതികരണം ഉണ്ടായപ്പോൾ ആണ് ഞാൻ പരാതിയുമായി മുന്നോട്ട് പോയത്.

പരാതി നൽകിയത് കൊണ്ട് മാത്രമാണ് ഈ വിഷയത്തിൽ ഇങ്ങനെ ഒരു ചർച്ച ഉണ്ടായതും, ബന്ധപ്പെട്ട വ്യക്തി തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്തിയതും. വളരെയേറെ വ്യക്തിപരമായ അധിക്ഷേപം നേരിടേണ്ടി വന്ന ഒരു സമയം കൂടിയാണിത്. ഈ അവസരത്തിൽ ന്യായത്തിന്‍റെ ഭാഗത്തു നിന്നുകൊണ്ട് എനിക്കു പൂർണ്ണ പിന്തുണ നൽകിയ ബിഹൈന്‍ഡ്‍വുഡ്സ്, കൃത്യമായ ഉപദേശങ്ങൾ നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ, കുടുംബം, സുഹൃത്തുക്കൾ, മാധ്യമപ്രവർത്തകർ എന്നിവരോട് ഒരുപാട് സ്നേഹം.

ഞാൻ പോരാടിയത് ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെയല്ല. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം എന്ന ഒരു ഓർമ്മപ്പെടുത്തലിനു വേണ്ടിയാണ്. തൊഴിലിടങ്ങളിൽ അപമാനിക്കപ്പെടുമ്പോളും, ഒരക്ഷരം മറുത്തു പറയാനാകാതെ, വേദന കരഞ്ഞു തീർക്കുന്ന ഒരുപാടു പേർക്കു വേണ്ടിയാണ്. അത്തരമൊരു അവസ്ഥയ്ക്ക് താൽക്കാലികമായെങ്കിലും ഒരു പരിഹാരമുണ്ടാകുമെന്നുള്ള വിശ്വാസത്തിലാണ്.

ഈയൊരു യാത്രയിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ, ഭീഷണി ഫോൺ കോളുകൾ, സൈബർ ആക്രമണങ്ങൾ, ഇതൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അപ്പോഴും കൂടെ നിന്ന് ശക്തി തരാൻ തയ്യാറായ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എങ്കിലും എന്നെ സ്നേഹിച്ച ഒരുപാട് പേരുണ്ട്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. എത്രയും വേഗം നിറഞ്ഞ പുഞ്ചിരിയോടെ തിരികെയെത്തണമെന്നാണ് ആഗ്രഹം. ഈ കരുതലും സ്നേഹവും എന്നും നൽകണം.




TAGS :

Next Story