ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, നാളെ കൃഷ്ണനാണെന്ന് പറയും, അവസാനം നിങ്ങളും മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ
"ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് ഹിന്ദുക്കൾ മനസ്സിലാക്കണം"
കൊട്ടാരക്കര: മിത്ത് വിവാദത്തിൽ വിമർശനവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ എല്ലാവരും മിത്താണെന്ന് പറയുമെന്നും ഹിന്ദുക്കൾ തങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഉണ്ണി പറഞ്ഞു.
"ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഞാനൊരു വിശ്വാസിയാണ്. കുറച്ച് സെൻസിറ്റീവും ആണ്. ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്പോൾ ആർക്കും ഒരു വിഷമവുമില്ല. ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിൽ ആർക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആർക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത് എന്ന് ചിന്തിക്കണം.
Read Also'ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല, വിശ്വാസപ്രമാണത്തിന്‍റെ ഭാഗം': മിത്ത് വിവാദത്തില്‍ തിരുത്തുമായി എം.വി ഗോവിന്ദന്‍
മറ്റ് മതങ്ങളിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് ആരും ഒരു വാക്കു പോലും മിണ്ടില്ല. അത്തരത്തിലാവണം നിങ്ങളും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവർ നാളെ കൃഷ്ണൻ മിത്താണെന്ന് പറയും, പിന്നത് ശിവനാകും, അവസാനം നിങ്ങളും മിത്താണെന്ന് പറയും.
ഇനിയെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ വരുമ്പോൾ അത് വിഷമമുണ്ടാക്കി എന്നെങ്കിലും പറയാൻ കഴിയണം. ഒരു സിനിമ ചെയ്തതിന്റെ പേരിൽ കുറേയധികം കേട്ടയാളാണ് ഞാൻ. അതുകൊണ്ടു കൂടി പറയുകയാണ്. ചില കാര്യങ്ങൾ കാണുമ്പോൾ വലിയ വിഷമം തോന്നും. ഹിന്ദു വിശ്വാസികളുടെ സമീപനം അത്തരത്തിലൊന്നാണ്. മറ്റുള്ളവരെ വേദനിപ്പിക്കണം എന്നല്ല പറയുന്നത്. ഹിന്ദുക്കൾ അവരുടെ അവസ്ഥ മനസ്സിലാക്കണം. ഗണപതി ഇല്ല എന്നൊരാൾ പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മൾ ശബ്ദമുയർത്തണം".
ടെക്‌നോളജി ഏറെ വികസിച്ച ഈ കാലത്ത് തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമി ഉണ്ടെന്ന് പറഞ്ഞാൽ കേട്ടു നിൽക്കുന്നയാൾക്ക് ചിരി വരും. ദൈവം എന്ന സങ്കല്പം ജീവിതത്തിൽ ഏറെ വിഷമഘട്ടങ്ങളിൽ ആരെങ്കിലുമുണ്ട് എന്ന് പറയാൻ വേണ്ടിയുള്ളതാണെന്ന് നല്ല ബോധ്യമുണ്ട്. ആ ബോധം എല്ലാവർക്കുമുണ്ടാകണമെന്നാണ് പ്രാർഥന". ഉണ്ണി പറഞ്ഞു.
Adjust Story Font
16