'ഉണ്ണിക്ക് വേണ്ടി ഞാനീ സിനിമ ചെയ്യും'; ബാലയുടെ പഴയ വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
'ബാലയ്ക്ക് എല്ലാ ആശംസകളും' എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിമുകുന്ദൻ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്
'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയുടെ പ്രതിഫല തര്‍ക്ക വിവാദത്തില്‍ നടന്‍ ബാലക്കെതിരെ വീണ്ടും ഉണ്ണി മുകുന്ദന്‍. സിനിമയെക്കുറിച്ച് ബാല സംസാരിക്കുന്ന പഴയ വീഡിയോ ആണ് ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടത്. 'ഷെഫീക്കിന്‍റെ സന്തോഷ'ത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ടാണെന്ന് ബാല വെളിപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ഉണ്ണി മുകുന്ദനോടുള്ള സ്നേഹം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും താൻ നിർമിച്ച സിനിമയിൽ ഒരു വാക്കുപോലും എതിര് പറയാതെ വന്ന് അഭിനയിച്ച ആളാണ് ഉണ്ണിയെന്നും ബാല പറയുന്നു. 'ബാലയ്ക്ക് എല്ലാ ആശംസകളും' എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിമുകുന്ദൻ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്. കൂടാതെ തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
വീഡിയോയിൽ ബാല പറയുന്നത്:
'ഞാൻ ഒരേയൊരു കാര്യമാണ് ഉണ്ണിയോട് പറഞ്ഞത്. 'ഉണ്ണീ, ഞാൻ ഒരു പടം നിർമ്മിച്ചപ്പോൾ നീ ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല, വന്ന് അഭിനയിച്ചു. എന്താണ് കഥാപാത്രം എന്ന് പോലും ചോദിച്ചില്ല. നീ നിർമ്മിക്കുന്ന സിനിമയിൽ ഞാൻ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോൾ ഇത് ഞാൻ നിനക്കുവേണ്ടി ചെയ്യും എന്നാണ് പറഞ്ഞത്. അത് ഉണ്ണിയെ ഒരു നായകനായോ അഭിനേതാവായി പോലും കണ്ടിട്ടല്ല. ഒരു നല്ല മനുഷ്യനായി കണ്ടിട്ടാണ്. ഒരു നല്ല മനസ്സുണ്ട് ഉണ്ണിക്ക്, അത് എപ്പോഴും ഉണ്ടാകണം.
ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്ന ഒരു സിനിമയുടെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു. അപ്പോൾ ഉണ്ണി എന്‍റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു, 'സഹോദരാ, എന്തിനാണ് അഭിനയിക്കാതിരിക്കുന്നത്. നിങ്ങളേപ്പോലുള്ള ആളുകൾ തിരികെ വരണം. സിനിമയ്ക്ക് അതാണ് വേണ്ടതെന്ന്. ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ.'
ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ അടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സംവിധായകനടക്കമുള്ളവര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ പ്രസ്താവന. സിനിമയില്‍ ഭാഗമായ സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയതായും ബാല പറഞ്ഞു.
എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും രണ്ടു ലക്ഷം രൂപയാണ് കൈമാറിയതെന്നും തെളിവുകള്‍ നിരത്തി ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനം നടത്തി. പണം നല്‍കിയതിന്‍റെ തെളിവുകള്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. സൗഹൃദമാണ് എല്ലാമെന്ന് പറഞ്ഞയാളാണ് ബാല എന്നും ബാല നിർമ്മിച്ച 'ഹിറ്റ്‌ലിസ്റ്റ്' പടത്തില്‍ അഭിനയിച്ചതിന് പണം വാങ്ങിയിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
Adjust Story Font
16