Quantcast

'ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിക്കരുത്'; ഡോക്യുമെന്ററിക്ക് നിബന്ധന വച്ച് ബിബിസി, പ്രക്ഷേപണം ചെയ്യാതെ യുഎസ് ചാനലുകൾ

2023ലെ സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിലെ ആക്രമണം പ്രമേയമായാണ് ഇസ്രായേല്‍ സംവിധായകന്‍ യാരിവ് മോസര്‍ 'വീ വിൽ ഡാൻസ് എഗൈൻ' എന്ന പേരില്‍ ഡോക്യുമെന്ററി തയാറാക്കിയത്

MediaOne Logo

Web Desk

  • Published:

    25 Sep 2024 2:36 PM GMT

US channels refuse to air documentary We Will Dance Again on October 7 attacks; BBC on condition not to describe Hamas as terrorists, Yariv Mozer, Hamas, Supernova music festival attack
X

യാരിവ് മോസര്‍, ഡോക്യുമെന്‍ററിയുടെ പോസ്റ്റര്‍

തെൽഅവീവ്: ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ആസ്പദമായുള്ള ഡോക്യുമെന്ററി ചിത്രം പ്രക്ഷേപണം ചെയ്യാൻ കൂട്ടാക്കാതെ യുഎസ് ചാനലുകൾ. ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യണമെങ്കിൽ ഹമാസിനെ ഭീകരവാദികളെന്നു വിശേഷിപ്പിക്കരുതെന്ന് ബിബിസി നിബന്ധനവച്ചതായും വെളിപ്പെടുത്തൽ. 2023ലെ നോവ മ്യൂസിക് ഫെസ്റ്റിവലിലെ ആക്രമണം പ്രമേയമായുള്ള 'വീ വിൽ ഡാൻസ് എഗൈൻ' ഡോക്യുമെന്ററിയുടെ സംവിധായകൻ യാരിവ് മോസർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കൻ വിനോദ മാഗസിനായ 'ഹോളിവുഡ് റിപ്പോർട്ടറി'നു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇസ്രായേൽ സംവിധായകൻ. ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യാനായി നിരവധി യുഎസ് ചാനലുകളെ ബന്ധപ്പെട്ടിരുന്നുവെന്ന് യാരിവ് മോസർ പറയുന്നു. എന്നാൽ, ഒക്ടോബർ ഏഴിലെ സംഭവവികാസങ്ങൾ തൊടാൻ അവർക്കു ഭയമാണെന്നു പറഞ്ഞ സംവിധായകൻ, രാജ്യത്തെ രാഷ്ട്രീയ സാഹചര്യമാണ് ചാനലുകളെ ഇതിൽനിന്നു പിന്തിരിപ്പിച്ചതെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.

ഡോക്യുമെന്ററി ഏറ്റെടുക്കണമെങ്കിൽ ഹമാസിനെ ഭീകരവാദികളെന്നു വിശേഷിപ്പിക്കരുതെന്ന നിർദേശമാണ് ബിബിസിയിൽനിന്നു ലഭിച്ചതെന്നും യാരിവ് അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. നിർദേശം സംവിധായകൻ അംഗീകരിച്ചിട്ടുണ്ട്. ബിബിസി പ്രക്ഷേപണം ചെയ്യുന്ന ചിത്രത്തിൽ ഹമാസിനെ ഭീകരവാദികളെന്നു വിശേഷിപ്പിക്കുന്ന ഭാഗം നീക്കം ചെയ്യും. ഒക്ടോബർ ഏഴിനു നടന്ന ക്രൂരതകൾ ബ്രിട്ടീഷ് പൊതുജനത്തിന്റെ ശ്രദ്ധയിലെത്തിക്കാൻ അത്തരമൊരു വിലകൊടുക്കാൻ താൻ തയാറാകുകയായിരുന്നുവെന്നും അവർ ഭീകരവാദ സംഘടനയാണെന്നോ അല്ലെന്നോ ഇതു കണ്ട് ജനങ്ങൾ തീരുമാനിക്കട്ടെയെന്നുമാണ് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്.

അതേസമയം, ആസ്‌ട്രേലിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ വിവിധ ചാനലുകൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. അമേരിക്കയിൽ പാരമൗണ്ട് പ്ലസ് ടിവിയിലൂടെയാണു ചിത്രം പ്രേക്ഷകരിലെത്തുന്നത്. ജർമനിയിലെ പ്രമുഖ ചാനലായ ആർടിഎൽ പ്രൈംടൈമിൽ തന്നെ പ്രക്ഷേപണത്തിനൊരുങ്ങുന്നതായി സംവിധായകൻ പറഞ്ഞു. 'വീ വിൽ ഡാൻസ് എഗൈൻ' രാഷ്ട്രീയ ചിത്രമല്ലെന്നും അതിജീവിതരുടെയും ഹമാസിന്റെയും കണ്ണിലൂടെ അന്നു നടന്ന സംഭവങ്ങൾ വിവരിക്കാൻ ശ്രമിക്കുകയാണു ചെയ്യുന്നതെന്നും യാരിവ് അവകാശപ്പെടുന്നു.

2023 ഒക്ടോബർ ഏഴിനായിരുന്നു ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസ് മിന്നലാക്രമണം നടന്നത്. ദക്ഷിണ ഇസ്രായേലിലെ കിബ്ബുറ്റ്‌സ് റീമിൽ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിലായിരുന്നു സംഭവം. പുലർച്ചെ 6.30ഓടെ ഇസ്രായേലിലേക്ക് ഹമാസ് റോക്കറ്റുകൾ വർഷിച്ചു. അതിർത്തി കടന്നെത്തിയ ഹമാസ് സംഘങ്ങൾ പിന്നാലെ ആഘോഷവേദിയിലേക്ക് ഇരച്ചെത്തി. ഹമാസ് പോരാളികൾ നടത്തിയ വെടിവയ്പ്പിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ബന്ദികളാക്കി ഗസ്സയിലേക്കു പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ആക്രമണത്തിന്റെ നടുക്കത്തിൽനിന്നു മുക്തമാകാൻ ഇസ്രായേൽ ഭരണകൂടം അൽപം സമയമെടുത്തു. മണിക്കൂറുകൾ കഴിഞ്ഞാണ് ഇസ്രായേൽ ഔദ്യോഗികമായി സംഭവത്തോട് പ്രതികരിച്ചത്. പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. ഇസ്രായേൽ സൈന്യം ഗസ്സയിൽ രൂക്ഷമായ വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തു.

അതേസമയം, 2006ലെ രണ്ടാം ലബനാൻ യുദ്ധത്തിൽ പങ്കെടുത്ത ഇസ്രായേൽ മുൻ സൈനികൻ കൂടിയാണ് യാരിവ് മോസർ. ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണത്തിന്റെ ദൃക്‌സാക്ഷ്യങ്ങളുമായി 'മൈ ഫസ്റ്റ് വാർ' എന്ന പേരിൽ ഡോക്യുമെന്ററി ചിത്രവും ചെയ്തിട്ടുണ്ട് ഇദ്ദേഹം. ഇസ്രായേൽ രാഷ്ട്രപിതാവും പ്രഥമ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെൻ ഗുരിയൻ, ഹോളോകോസ്റ്റിനു നേതൃത്വം നൽകിയ നാസി നേതാവ് അഡോൾഫ് എയ്ക്മാൻ എന്നിവരെക്കുറിച്ചെല്ലാം ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്.

Summary: US channels refuse to air documentary We Will Dance Again on October 7 attacks; BBC on condition not to describe Hamas as terrorists

TAGS :

Next Story