'വരാഹരൂപം' പകര്‍പ്പവകാശ കേസ്: ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ഹാജരായി
കാന്താരയുടെ സംവിധായകൻ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിൽ ഹാജരായത്
ഋഷഭ് ഷെട്ടി
കോഴിക്കോട്: കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ അണിയറ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. സംവിധായകൻ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിനായി എത്തിയത്. മാതൃഭൂമിയും തൈക്കൂടം ബ്രിഡ്ജും നൽകിയ പരാതിയിലായിരുന്നു ചോദ്യംചെയ്യൽ.
ഇന്നും നാളെയും ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാന്താരയുടെ സംവിധായകനും നിർമാതാവിനും കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോഴിക്കോട് ഡി.സി.പി ബൈജുവാണ് ഇവരെ ചോദ്യംചെയ്തത്. നാളെയും ഇരുവരും ഹാജരാകണം.
വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. അതേസമയം പകർപ്പവകാശം ലംഘിച്ചെന്ന കേസില്‍ കാന്താരയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാൻ സുപ്രിംകോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപമെന്ന പാട്ട് കാന്താര എന്ന സിനിമയില്‍ ഉപയോഗിച്ചതെന്ന കേസിൽ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിലെ വ്യവസ്ഥകളിലാണ് ആ പാട്ട് ഉൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹരജിയിലാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Adjust Story Font
16