കന്നഡ നടനും അര്‍ജുന്‍റെ ഭാര്യാപിതാവുമായ കലാതപസ്വി രാജേഷ് അന്തരിച്ചു
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
പ്രശസ്ത കന്നഡ നടന്‍ കലാതപസ്വി രാജേഷ് അന്തരിച്ചു. 89 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വാർധക്യ സംബന്ധമായ അസുഖങ്ങൾ എന്നിവയെത്തുടര്‍ന്ന് ഫെബ്രുവരി 9നാണ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പ്രശസ്ത നടന്‍ അര്‍ജുന്‍ സര്‍ജയുടെ ഭാര്യാപിതാവ് കൂടിയാണ് രാജേഷ്.
ബംഗളൂരുവിലെ വിദ്യാരണ്യപുരയിലെ വസതിയിൽ ഇന്ന് വൈകിട്ട് 6 മണിക്ക് സംസ്കാരചടങ്ങുകൾ നടക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കന്നഡ സിനിമയിലെ മുതിര്‍ന്ന നടന്‍റെ വിയോഗം തീര്‍ത്ത ദുഃഖത്തിലാണ് ആരാധകര്‍. 1932 ഏപ്രിൽ 15ന് ബംഗളൂരുവിലാണ് രാജേഷിന്‍റെ ജനനം. സ്കൂള്‍ കാലം മുതലെ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന രാജേഷ് സിനിമാലോകത്ത് കലാതപസ്വി രാജേഷ് എന്നാണ് അറിയപ്പെടുന്നത്. അറുപതുകളിലാണ് രാജേഷ് കന്നഡ സിനിമയിലേക്ക് പ്രവേശിക്കുന്നത്. 150 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച രാജേഷിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രാജേഷിന്‍റെ മകൾ ആശാ റാണിയും(നിവേദിത) നടിയാണ്. 1988ലാണ് നടൻ അർജുൻ സർജ ആശാ റാണിയെ വിവാഹം കഴിച്ചത്.
Adjust Story Font
16