Quantcast

ഓര്‍മ നശിച്ചു,ബന്ധുക്കള്‍ ഉപേക്ഷിച്ചു; ജീവിത സായാഹ്നത്തില്‍ ഒറ്റക്കായി നടന്‍ ടി.പി മാധവന്‍

2015ൽ ഹരിദ്വാർ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷം നിലവിൽ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം

MediaOne Logo

Web Desk

  • Published:

    3 Sep 2023 2:18 AM GMT

T. P. Madhavan
X

ടി.പി മാധവന്‍

പത്തനാപുരം: ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു നടന്‍ ടി.പി മാധവന്‍. 600-ലധികം സിനിമകളിൽ അഭിനയിച്ച മാധവൻ സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. 2015ൽ ഹരിദ്വാർ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷം നിലവിൽ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച മാധവന്‍ ഇപ്പോള്‍ ഓര്‍മ പോലും നശിച്ച അവസ്ഥയിലാണ്.

ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായെങ്കിലും ടി.പി. മാധവനെ കാണാൻ സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, ഭർത്താവും നിർമാതാവുമായ എം.രഞ്ജിത്, മധുപാൽ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്‍റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു.

‘‘ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു’’ എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി. മാധവൻ പറഞ്ഞത്. ‘‘സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല’’ എന്നൊക്കെയാണ് ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹം പറയുന്നത്.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. തന്റെ ഇതുവരെയുള്ള ജീവിതത്തിൽ താൻ അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.സിനിമയാണ് തന്റെ ലക്ഷ്യമെന്ന് അറിഞ്ഞ അമ്മ അന്നത്തെ തങ്ങളുടെ ജീവിതാവസ്ഥ മോശമായിട്ടുപോലും തന്റെ ആഗ്രഹത്തെ എതിർത്തില്ലെന്നും പകരം അമ്മയുടെ വാക്കുകൾ നൽകിയ കരുത്തും ഊർജവുമാണ് തന്നെ ഇന്നത്തെ താനാക്കിയതെന്നും രാജകൃഷ്ണ മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story