പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു
2019ൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ഖയ്യാമിന്റെ ഭാര്യയാണ് ജഗ്ജിത് കൗർ
പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു. 93 വയസായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ അന്തരിച്ച ഖയ്യാമിന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
50കളിൽ സംഗീതയാത്ര ആരംഭിച്ച ജഗ്ജിത് കൗർ ഹിന്ദി, ഉറുദു ഭാഷകളിലാണ് കാര്യമായി പാടിയത്. ദേഖ് ലോ ആജ് ഹംകോ(ബസാർ), പെഹ്‍ലെ തോ ആങ്ക് മിലാനാ(ഷോല ഔർ ശബ്‌നം), ഖാമൂശ് സിന്ദഗി കോ(ദിലേ നാദാൻ), സാദാ ചിഡിയ ദ ചമ്പ വേ(കഭി കഭി) എന്നിവ പാടി അനശ്വരമാക്കിയത് കൗറായിരുന്നു. 1954ലാണ് മുഹമ്മദ് സഹൂർ ഖയ്യാമിനെ വിവാഹം കഴിക്കുന്നത്. ഖയ്യാം സംഗീതം നിർവഹിച്ച പ്രസിദ്ധ ചിത്രമായ 'ഉംറാവോ ജാനി'ലെ 'കഹേ തോ ബ്യാഹി ബിദെസ്' പാടാനുള്ള നറുക്കുവീണതും കൗറിനായിരുന്നു.
2019ൽ മുംബൈയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഖയ്യാമിന്റെ അന്ത്യം. 2012ൽ ഇവരുടെ മകൻ പ്രദീപും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജഗ്ജിത് കൗറിന്റെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്‌കരിച്ചു.
Adjust Story Font
16