തലയിൽ കൈവെച്ച് വിക്കി കൗശലും സാറയും: ചെന്നൈയുടെ അവസാന പന്തിലെ വിജയം ആഘോഷിച്ചതിങ്ങനെ...
സാരാ ഹത്‌കെ സാരാ ബച്ച്‌കെ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു ഇരുവരും മത്സരം കാണാൻ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയത്
വിക്കികൗശൽ-സാറാ അലിഖാൻ
അഹമ്മദാബാദ്: ചെന്നൈയുടെ അവസാന പന്തിലെ വിജയം ആഘോഷമാക്കി ബോളിവുഡ് നടന്മാരായ വിക്കി കൗശലും സാറാ അലി ഖാനും. മോഹിത് ശർമ്മ എറിഞ്ഞ അവസാന പന്ത് ഫൈൻ ലെഗിലൂടെ രവീന്ദ്ര ജഡേജ ബൗണ്ടറി നേടിയപ്പോൾ അമ്പരപ്പ് ഇരുവരുടെയും മുഖത്തും പ്രകടമായിരുന്നു. അവിശ്വസനീയം എന്ന നിലയിൽ തലയിൽ കൈവച്ച വിക്കി കൗശൽ സാറയോടൊപ്പം ആഹ്ലാദം പങ്കിടുകയും ചെയ്തു.
സാരാ ഹത്‌കെ സാരാ ബച്ച്‌കെ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു ഇരുവരും മത്സരം കാണാൻ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയത്. മത്സരം പുരോഗമിക്കുന്തോറും ഇരുവരെയും ടെലിവിഷൻ സ്‌ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു. മത്സര ശേഷമുള്ള വീഡിയോ വിക്കികൗശൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ബോളിവുഡിലെ ഏതാനും താരങ്ങളും ഫൈനൽ കാണാൻ എത്തിയിരുന്നു.
അവസാന രണ്ട് പന്തിൽ സിക്‌സറും ബൗണ്ടറിയും പറത്തിയ ജഡേജ ചെന്നൈ ആരാധകരെ അക്ഷരാർഥത്തിൽ ആഹ്ലാദത്തിലാഴ്ത്തിയിരുന്നു. അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മികച്ച ഫോമിൽ പന്ത് എറിയുന്ന മോഹിത് ശർമ്മയുടെ ആദ്യ നാല് പന്തുകളെയും അതിർത്തിക്കപ്പുറം എത്തിക്കാൻ ശിവം ദുബെക്കും രവീന്ദ്ര ജഡേജക്കും കഴിഞ്ഞില്ല. നേരിട്ട പന്തുകളിലെല്ലാം ഓരോ റൺസ് വീതം എടുത്തു. നാലാം പന്ത് നേരിട്ടപ്പോഴും മോഹിത് ശർമ്മ തന്റെ വജ്രായുധമായ യോർക്കറാണ് പരീക്ഷിച്ചത്.
എന്നാൽ മോഹിത് ശർമ്മക്ക് പാളിയപ്പോൾ ലോ ഫുൾടോസ്, ലോങ് ഓണിന് മുകളിലൂടെ ജഡേജയുടെ മനോഹര സിക്‌സർ. അതോടെ അവസാന പന്തിൽ ആകാംക്ഷയായി. ജഡേജ ബൗണ്ടറി കണ്ടെത്താൻ സാധ്യതയുള്ള എല്ലാവഴികളും ഹാർദിക് പാണ്ഡ്യ അടച്ചപ്പോൾ ഫൈൻ ലെഗിലൂടെ ജഡേജയുടെ മനോഹര ഫിനിഷിങ്. കളി കാണുന്ന കോടിക്കണക്കിന് വരുന്ന ആരാധകരെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ അതുതന്നെ ധാരാളമായിരുന്നു.
Adjust Story Font
16