മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടിയാകും, പ്രസിഡന്റായി വിജയ്; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം
ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം പാർട്ടിയാക്കുമെന്നാണ് അഭ്യൂഹങ്ങൾ. മക്കൾ ഇയക്കം ജനറൽ കൗൺസിലിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ ചർച്ചകൾ ചൂടുപിടിക്കുന്നത്. വ്യാഴാഴ്ച ചെന്നൈയിൽ നടന്ന മക്കൾ ഇയക്കം യോഗത്തിൽ വിജയ്‌യും പങ്കെടുത്തിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ വിജയ്‌യെ പ്രസിഡന്റാക്കി രാഷ്ട്രീയ പാർട്ടിയായി മക്കൾ ഇയക്കം രജിസ്റ്റർ ചെയ്യാനും തുടർ നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കണമെന്നും യോഗത്തിൽ ആരാധകരുടെ ആവശ്യം ഉയർന്നു. എന്നാൽ, 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ മതിയെന്നാണ് വിജയ് നിർദേശിച്ചതെന്നാണ് അഭ്യൂഹം.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ടായിരുന്നെങ്കിലും ഇവയൊക്കെ തള്ളി വിജയ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് താരം സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന വാർത്തകൾ സജീവമാകുന്നത്.
വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അടുത്ത മാസം ആദ്യം തന്നെ ഡൽഹിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. മറ്റുതാരത്തിലുള്ള പ്രചാരണങ്ങൾ നടത്തരുതെന്നും വിജയ് തന്നെ പ്രഖ്യാപനം നടത്തുമെന്നും ആരാധക കൂട്ടായ്മ അറിയിച്ചതായാണ് വിവരം.
വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാണ് വിജയ്. 2018-ൽ തുത്തുക്കുടി പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് സന്ദർശിച്ചത് രാഷ്ട്രീയ അരങ്ങേറ്റത്തിൻ്റെ സൂചനയായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. വിജയ് മക്കൾ ഇയക്കവും രാഷ്ട്രീയ പരിപാടികളിൽ സജീവമാണ്. തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലും മക്കൾ ഇയക്കം മത്സരിച്ചിരുന്നു. ചെന്നൈയിൽ ഉണ്ടായ പ്രളയത്തിൽ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും താരം രംഗത്തുണ്ടായിരുന്നു.
സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് മക്കൾ ഇയക്കം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനും മക്കൾ ഇയക്കത്തെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
2026ൽ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് വിജയ് നേരത്തെ സൂചനകൾ നൽകിയിരുന്നു. മുൻപ് ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയും രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16