Quantcast

'എനിക്കു പകരം എന്‍റെ സിനിമകള്‍ സംസാരിക്കും, ജീവനോടെ കാത്തതിന് ദൈവത്തിനു നന്ദി'-ചോദ്യംചെയ്യലിനു ശേഷം വിജയ് ബാബു

യുവനടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശ പ്രകാരം, കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വിജയ് ബാബുവിന്റെ ചോദ്യംചെയ്യൽ ഇന്നു വൈകീട്ടോടെ പൂർത്തിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-03 15:35:28.0

Published:

3 July 2022 3:34 PM GMT

എനിക്കു പകരം എന്‍റെ സിനിമകള്‍ സംസാരിക്കും, ജീവനോടെ കാത്തതിന് ദൈവത്തിനു നന്ദി-ചോദ്യംചെയ്യലിനു ശേഷം വിജയ് ബാബു
X

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ചോദ്യംചെയ്യൽ അവസാനിച്ചതിനു പിന്നാലെ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബു. ചോദ്യംചെയ്യലിൽ പൂർണമായും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ടെന്നും കൃത്രിമം ചെയ്യാത്ത തെളിവുകൾ അന്വേഷണസംഘത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

70 ദിവസത്തോളം ജീവനോടെ നിലനിർത്തിയതിന് ദൈവത്തിന് നന്ദിപറഞ്ഞ താരം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നല്ല വാക്കുകളാണ് ഈ കാലയളവിൽ ശ്വാസം നൽകിയതെന്നും വെളിപ്പെടുത്തി. എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ടെങ്കിലും ഒന്നും പ്രതികരിക്കാതിരുന്നത് കേസുമായി ബന്ധപ്പെട്ട് പുറത്ത് സംസാരിക്കാൻ തടസമുണ്ടായിരുന്നതിനാലാണ്. കേസ് തീരുംവരെ തന്റെ സിനിമകൾ സംസാരിക്കുമെന്നും താൻ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂവെന്നും വിജയ് ബാബു വ്യക്തമാക്കി. തകർന്നുപോയ പുരുഷനെക്കാൾ ശക്തനായ ഒരാളുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവനടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശ പ്രകാരം, കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു വിജയ് ബാബുവിന്റെ ചോദ്യംചെയ്യൽ നടന്നത്. കഴിഞ്ഞ 27 മുതൽ ദിവസവും രാവിലെ ഒൻപതു മുതൽ വൈകീട്ട് ആറുവരെയായിരുന്നു ചോദ്യംചെയ്യൽ.

ഇക്കാലയളവിൽ അതിജീവിത പീഡനം നടന്നുവെന്ന് വ്യക്തമാക്കിയ കുണ്ടന്നൂരിലെയും കടവന്ത്രയിലെയും ഹോട്ടലുകൾ, പനമ്പിള്ളി നഗറിലെയും മറൈൻഡ്രൈവിലെയും ഫ്‌ളാറ്റുകൾ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇനി കൂടുതൽ ചോദ്യംചെയ്യേണ്ടതില്ലന്നാണ് പൊലീസിന്റെ നിലപാട്. വിജയ് ബാബു ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും വളരെ വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാരും പരാതിക്കാരിയായ നടിയും സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി ഉത്തരവിന് അനുസരിച്ചായിരിക്കും തുടർനടപടികൾ.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടതു പ്രകാരം നടന്ന ഏഴു ദിവസത്തെ പരിമിതമായ കസ്റ്റോഡിയൽ ചോദ്യംചെയ്യൽ ഇന്ന് അവസാനിച്ചിരിക്കുകയാണ്. ചോദ്യംചെയ്യലിലുടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി സമ്പൂർണമായും സത്യസന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളുമെല്ലാം നൽകിയിട്ടുണ്ട്.

മനസിൽ പൊങ്ങിവന്നിരുന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകൾക്കിടയിലും എന്നെ ഈ നിമിഷംവരെ കഴിഞ്ഞ 70 ദിവസം എന്നെ ജീവനോടെ കാത്തതിന് ദൈവത്തിന് നന്ദിപറയുകയാണ്. സുഹൃത്തുക്കളോടും കുടുംബത്തോടും പറയാനുള്ളത്, നിങ്ങൾ കാരണമാണ് ഞാൻ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും കരുണാർദ്രമായ വാക്കുകളുമാണ് എനിക്ക് ശ്വാസം നൽകിയത്. ഒടുക്കം, സത്യം നിലനിൽക്കും.

പ്രിയപ്പെട്ട മാധ്യമങ്ങളേ, മറുപടിയെല്ലാം ഉണ്ടായിട്ടും നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനാകാത്തതിൽ ക്ഷമചോദിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട ഒരുകാര്യവും എനിക്ക് കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടുമല്ലാതെ എനിക്ക് പറയാൻ പറ്റില്ല. അതുവരേക്കും ഞാൻ നിർമിച്ച സിനിമകൾ സംസാരിക്കും. ഞാൻ എന്റെ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ.

7 days of limited custodial interrogation as ordered by the honourable high court comes to an end today . Co-operated...

Posted by Vijay Babu on Sunday, July 3, 2022

തകർന്നുപോയ പുരുഷനെക്കാൾ ശക്തനായ ഒരാളുമില്ലെന്നു പറയാറില്ലേ.. അവൻ സ്വയം പുനർനിർമിച്ചുകൊണ്ടിരിക്കും.

ദൈവം അനുഗ്രഹിക്കട്ടെ.

Summary: ''The movies I create shall talk, and I shall talk about my movies alone'', says actor and producer Vijay Babu in actress sexual assault case

TAGS :

Next Story