ആരാധകരിൽ 100 പേർക്ക് സൗജന്യ യാത്ര; പതിവ് തെറ്റിച്ചില്ല, ക്രിസ്‌മസ് സമ്മാനവുമായി 'ദേവരസാന്ത' എത്തി
ഒന്നും വേണ്ട എവിടെയെങ്കിലും താങ്കളെ ഒന്ന് കണ്ടാൽ മതി എന്ന ആഗ്രഹമാണ് ചിലർ പങ്കുവെച്ചത്
ആരാധകർക്ക് നന്ദി അറിയിക്കാൻ വ്യത്യസ്തമായ വഴികളാണ് തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട തേടുന്നത്. പതിവുപോലെ ഈ ക്രിസ്മസിനും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് താരം. ആരാധകരിൽ നൂറുപേരെ ഒരു ഹോളിഡേ ട്രിപ്പിന് അയക്കാനാണ് താരം പദ്ധതിയിട്ടിരിക്കുന്നത്. എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇക്കാര്യം ദേവരകൊണ്ട അറിയിച്ചപ്പോൾ ചിലർ തമാശയാണെന്ന് കരുതിയെങ്കിലും അതിപ്പോൾ പുതിയ ട്വീറ്റിലൂടെ തിരുത്തിയിരിക്കുകയാണ് താരം. യാത്ര എവിടെക്കായിരിക്കണമെന്ന് ആരാധകരോട് തന്നെ ചോദിച്ചിരിക്കുകയാണ് ദേവരകൊണ്ട. ട്വിറ്ററിൽ നടത്തിയ പോളിങ്ങിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
"#ദേവരസാന്ത, അഞ്ച് വർഷം മുൻപാണ് ഈ ട്രഡീഷൻ ഞാൻ ആരംഭിച്ചത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ലൊരു ആശയം ഇത്തവണ എനിക്കുണ്ട്. നിങ്ങളിൽ നൂറുപേരെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ഞാനൊരു ഹോളിഡേയ്ക്ക് അയക്കാൻ പോകുന്നു. എവിടേക്കാണെന്നത് തെരഞ്ഞെടുക്കാൻ നിങ്ങളെന്നെ സഹായിക്കാമോ"; ദേവരകൊണ്ട ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ബീച്ചുകൾ, പർവതനിരകൾ, മരുഭൂമികൾ തുടങ്ങി നാല് ഓപ്‌ഷനുകളും താരം നൽകിയിട്ടുണ്ട്.
ട്വീറ്റ് കണ്ടതോടെ ഏറെ ആവേശത്തിലാണ് ദേവരകൊണ്ട ആരാധകർ. ലൈക്കുകളും കമന്റുകളും കൊണ്ട് പോസ്റ്റ് നിറഞ്ഞിരിക്കുകയാണ്. "മികച്ച ക്രിസ്മസ് സമ്മാനം, നന്ദി അണ്ണാ.." ഒരു ആരാധകന്റെ കമന്റ് ഇങ്ങനെ. ഒന്നും വേണ്ട എവിടെയെങ്കിലും താങ്കളെ ഒന്ന് കണ്ടാൽ മതി എന്ന ആഗ്രഹമാണ് ചിലർ പങ്കുവെച്ചത്. ദേവരശാന്തയുടെ സമ്മാനത്തിനായി നിരവധി ആരാധകരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ലൈഗർ ആണ് വിജയ് ദേവരകൊണ്ടയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. 100 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. അമേരിക്കൻ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ സിനിമ ബോക്സ്ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.സാമന്ത റൂത്ത് പ്രഭുവിനൊപ്പം റൊമാന്റിക് ചിത്രമായ 'ഖുശി'യാണ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം 2023-ൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ജേഴ്‌സി ഫെയിം ഗൗതം തിണ്ണനൂരിയുമായി ഒരു പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
Adjust Story Font
16