Quantcast

രജനിക്കും കമലിനുമൊപ്പം രണ്ടര പതിറ്റാണ്ടുകാലം തമിഴ് സിനിമയുടെ മുഖമായിരുന്ന വിജയകാന്ത്

സിനിമയും രാഷ്ട്രീയവും ഇഴകലർന്ന ജീവിതം അവസാനിപ്പിച്ച് ക്യാപ്റ്റൻ മടങ്ങുമ്പോൾ കണ്ണീരൊഴുക്കുകയാണ് ആരാധകർ

MediaOne Logo

Web Desk

  • Updated:

    2023-12-28 08:03:14.0

Published:

28 Dec 2023 7:45 AM GMT

vijayakanth
X

വിജയകാന്ത്

ചെന്നൈ: 80കളിലും 90കളിലും തെന്നിന്ത്യയെ ആവേശം കൊള്ളിച്ചാണ് വിജയകാന്ത് ജനങ്ങളുടെ ഹൃദയം കീഴടക്കിയത്. സിനിമാ ലോകത്തുനിന്ന് നേടിയെടുത്ത പിന്തുണ ,പിന്നീട് കരുത്തുറ്റ രാഷ്ട്രീയ നേതാവ് എന്ന വളർച്ചയിലേക്കും അദ്ദേഹത്തിന് വഴിയൊരുക്കി. സിനിമയും രാഷ്ട്രീയവും ഇഴകലർന്ന ജീവിതം അവസാനിപ്പിച്ച് ക്യാപ്റ്റൻ മടങ്ങുമ്പോൾ കണ്ണീരൊഴുക്കുകയാണ് ആരാധകർ.

ക്യാപ്റ്റൻ.... ഈ ഒരൊറ്റ പേരിൽ വിജയകാന്തിന്‍റെ മുഖം തമിഴ് ജനതയുടെ മനസ്സിലേക്ക് ഓടിയെത്തും. 1952-ൽ മധുരയിൽ ജനനം, 79ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ സിനിമാരംഗത്തേക്കുള്ള വരവ്, 81ല്‍ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാമേഖലയിൽ നായകൻ മാരുടെ കൂട്ടത്തിൽ കസേരയിട്ടിരുന്നു വിജയകാന്ത്. 84ൽ മാത്രം പുറത്തിറങ്ങിയത് 18 ചിത്രങ്ങൾ, 88 ല്‍ ഏറ്റവും മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്‍റെ പുരസ്കാരം. തന്‍റെ നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായി. പടം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ എന്ന പേര് വിജയകാന്തിന് പതിഞ്ഞു. തമിഴ്നാട്ടിലെ ജനത ആവേശത്തോടെ പറഞ്ഞു ഇത് ഞങ്ങളുടെ ക്യാപ്റ്റൻ.

154 ചിത്രങ്ങൾ...സംവിധായകനായും നിർമാതാവായും സിനിമാ മേഖലയിലെ അവിഭാജ്യ ഘടകം. രജനികാന്തും കമൽഹാസനും ഒപ്പം 80 മുതലുള്ള രണ്ടര പതിറ്റാണ്ട് കാലം തമിഴ് സിനിമയുടെ മുഖമായി വിജയ് കാന്തും ഉണ്ടായിരുന്നു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടു മാറ്റവും അപ്രതീക്ഷിതമായിരുന്നില്ല. സിനിമയിലെ ക്യാപ്റ്റൻ രാഷ്ട്രീയത്തിലെ നായകനായി വളരുന്നത് 2005 സ്ഥാപിച്ച ദേശീയ മൂർപോക്ക് ദ്രാവിഡ കഴകം എന്ന പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നാണ്.

2006 തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി മത്സരിച്ചു, വിരുദാചലം മണ്ഡലത്തിൽ മത്സരിച്ച വിജയ്കാന്ത് മാത്രം പാർട്ടി ടിക്കറ്റിൽ ജയിച്ചു. 2009ന് ലോക്സഭയിൽ തനിച്ച് മത്സരിച്ചു. എല്ലാ സീറ്റിലും പരാജയമായിരുന്നു ഫലം. 2011ലെ ഐ എ ഡി എം കേക്കൊപ്പം സഖ്യം ചേർന്ന് മത്സരരംഗത്തേക്ക്, 41 മണ്ഡലങ്ങളിൽ മത്സരിച്ച മൂർപോക്ക് ദ്രാവിഡ കഴകം 29ലും ജയിച്ചു കയറി. തമിഴ്നാട്ടിൽ നിയമസഭയിലെ പ്രതിപക്ഷ കസേരയിൽ വിജയകാന്ത് എത്തി.

2014 ൽ ലോക്സഭയിലേക്ക് ബിജെപിക്ക് ഒപ്പം ചേർന്ന് മത്സരിച്ചു നോക്കി. അമ്പേ പരാജയപ്പെട്ടു. നിയമസഭയിൽ വീണ്ടും ഇടതു പാർട്ടികൾക്ക് ഒപ്പം മത്സര രംഗത്തേക്ക് അവിടെയും പരാജയമായിരുന്നു ഫലം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പൊതുവദികളിൽ എത്തുന്നത് കുറഞ്ഞതും, രാഷ്ട്രീയ സഖ്യങ്ങളിൽ സ്ഥിരത കണ്ടെത്താത്തതും ദേശീയ മൂർപോക്ക് ദ്രാവിഡ കഴകത്തിന് തിരിച്ചടിയായി. സിനിമയും രാഷ്ട്രീയവും ഒരുപോലെ ഗ്രഹിച്ച ജനമനസ്സറിയുന്ന ജനങ്ങൾ മനസ്സിലേറ്റിയ ഇതിഹാസമാണ് വിട പറയുന്നത്. അവസാന യാത്രയിൽ അദ്ദേഹത്തിന് കൂട്ടാകുന്നത് തമിഴ് ജനത മുഷ്ടി ചുരുട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങളാണ്. അത്രത്തോളം പ്രിയങ്കരനായിരുന്നു തമിഴ് ജനതയ്ക്ക് ക്യാപ്റ്റൻ.

TAGS :

Next Story