മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന
മലപ്പുറം ജില്ലയില്‍ ചീക്കോട് പഞ്ചായത്തിലെ വിളയില്‍ എന്ന ഗ്രാമത്തില്‍ ഉള്ളാട്ടുതൊടി കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായിട്ടാണ് ഫസീല എന്ന വത്സലയുടെ ജനനം
വിളയില്‍ ഫസീല
കോഴിക്കോട്: കിരികിരി ചെരിപ്പുമായി, ആമിന ബീവിക്കോമന മകനായി...ഈ പാട്ടുകളുടെ ആദ്യവരികള്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ തെളിഞ്ഞുവരുന്നൊരു പേരുണ്ട്...അതായിരുന്ന വിളയില്‍ ഫസീല. മലയാളത്തിന്‍റെ സ്വന്തം മാപ്പിളപ്പാട്ടുകാരി. മൊഞ്ചുള്ള മാപ്പിളപ്പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരി.
മലപ്പുറം ജില്ലയില്‍ ചീക്കോട് പഞ്ചായത്തിലെ വിളയില്‍ എന്ന ഗ്രാമത്തില്‍ ഉള്ളാട്ടുതൊടി കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായിട്ടാണ് ഫസീല എന്ന വത്സലയുടെ ജനനം. പ്രത്യേകിച്ച് സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമായിരുന്നു വത്സലയുടേത്. സിനിമാ ഗാനങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വത്സലയും സഹോദരനും പാട്ടുകള്‍ പാടുമായിരുന്നു.
വിളയില്‍ പറപ്പൂര്‍ വിദ്യാ പോഷിണി സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കല്യാണ വീട്ടില്‍ പാട്ടു പാടിയാണ് ഫസീല പാട്ടുജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സ്‌കൂളിലെ സാഹിത്യ സമാജങ്ങളില്‍ സ്ഥിരം ഗായികയായി. പ്രശസ്ത രചയിതാവും ഗായകനുമായിരുന്ന വി.എം കുട്ടി മാഷാണ് ഫസീലയുടെ കരിയറില്‍ വഴികാട്ടിയായത്. ബാലലോകം പരിപാടിക്ക് ശേഷം വി എം കുട്ടി മാഷിന്‍റെ ശിഷ്യത്വത്തിലായിരുന്നു വളർന്നത്. മാഷ് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളർത്തിയെടുത്തു . വി എം കുട്ടിയും വിളയില്‍ ഫസീലയും എന്ന ഒരു ലേബല്‍ തന്നെ മലബാര്‍ ജനതയെ ഗാനവേദികളിലേക്ക് നയിച്ച ഒരു കാലമുണ്ടായിരുന്നു.
തട്ടമിട്ടു പാട്ടുപാടുന്ന വത്സല അക്കാലത്ത് ഒരു അത്ഭുതമായിരുന്നു. പിന്നീടാണ് ഇസ്‍ലാം മതം സ്വീകരിച്ച് ഫസീല എന്ന പേരിലേക്ക് മാറിയത്. 1986ല്‍ ആണ് ടി.കെ.പി മുഹമ്മദലിയെ വിവാഹം കഴിക്കുന്നത്. ഫയാദ് അലി, ഫാഹിമ എന്നീ രണ്ടു മക്കളും പിറന്നു. ഗാനങ്ങളുടെ പൂര്‍ണതക്കു വേണ്ടി ഫസീല കഷ്ടപ്പെട്ട് അറബി പഠിച്ചു. വി എം കുട്ടി മാഷിന്‍റെ സ്നേഹിതനായ മുഹമ്മദ് നാലകത്ത് എന്ന അറബി മുന്‍ഷി വഴിയാണ് അറബി ഉച്ചാരണങ്ങള്‍ പഠിച്ചത്. രാജ്യത്തകത്തും പുറത്തുമായി നാലായിരത്തിലധികം വേദികളില്‍ ഫസീല പാടിയിട്ടുണ്ട്. 1981ല്‍ സി.എച്ച് മുഖ്യമന്ത്രിയായിരിക്കെ മാപ്പിള ഗാന കലാരത്നം പുരസ്കാരം ഫസീലയെ തേടിയെത്തി. കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Adjust Story Font
16