'ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും'; പരോക്ഷ വിമര്‍ശനവുമായി വിനായകന്‍
പോസ്റ്റിനൊപ്പം ക്യാപ്ഷനടക്കം സൂചനകളൊന്നുമില്ലെങ്കിലും മരയ്ക്കാര്‍ വിവാദം കത്തിനില്‍ക്കെ വിനായകന്‍റെ പരാമര്‍ശം അതേപ്പറ്റിതന്നെയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
മരക്കാര്‍ സിനിമയുടെ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ പരോക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം തലക്കെട്ടോ മറ്റു സൂചനകളോ ഒന്നുമില്ലെങ്കിലും മരയ്ക്കാര്‍ വിവാദം കത്തിനില്‍ക്കെ വിനായകന്‍റെ പരാമര്‍ശം അതേപ്പറ്റിതന്നെയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
പോസ്റ്റിനു പിന്നാലെ വിനായകനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്‍റുകളുമെത്തുന്നുണ്ട്. ഒ.ടി.ടി റിലീസ് എങ്കിലും കാണും അതായിരിക്കും കവി ഉദേശിച്ചത്, കൊച്ചി ലോബി മലയാള സിനിമക്ക് ആപത്തോ, ഇത് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും ഉദ്ദേശിച്ചല്ല എന്ന് പറയാൻ പറഞ്ഞു...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
അതേസമയം, മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍' എന്ന പേജാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
മരക്കാര്‍ ഏത് മാധ്യമത്തിലൂടെ റിലീസ് ചെയ്യുമെന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമാലോകത്തെ പിടിച്ചു കുലുക്കുന്ന ചര്‍ച്ച. ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച ഫലവത്താവാതെ പിരിഞ്ഞിരുന്നു. അതിനിടയിലാണ് പ്രൈമിലൂടെ പ്രേക്ശകരിലെത്തുമെന്ന വാര്‍ത്തവരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍. ഇത്തവണത്തെ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലായി ആറ് പുരസ്‍കാരങ്ങളും ചിത്രം നേടി. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം രണ്ടു വർഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിർമിച്ചത്.
Adjust Story Font
16