'പത്താം ക്ലാസ് മൂന്ന് തവണ തോറ്റ ഞാൻ സർക്കാരുദ്യോഗസ്ഥാനാണത്രേ.. ഇതൊക്കെ എവിടുന്ന് കിട്ടുന്നു'- വിനായകൻ
'മേയർ എന്നെ അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി, അവര് ഫോട്ടോയെടുത്തു. ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാൻ വലിച്ചെറിഞ്ഞു'
നടൻ വിനായകന്റെ അഭിമുഖങ്ങളും പരാമർശങ്ങളും പലപ്പോഴും വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. താരം മനോരമയ്ക്ക് നൽകിയ അഭിമുഖം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. അവതാരകന്റെ ചോദ്യങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അഭിമുഖത്തിലുടനീളം താരം നൽകുന്നത്. താൻ മൂന്ന് തവണ പത്താം ക്ലാസ് തോറ്റ ആളാണ്. എനിക്ക് ഗവൺമെന്റ് ജോലിയുണ്ടെന്നും മഹാരാജാസിൽ പഠിച്ചെന്നുമൊക്കെയാണ് അടിച്ചിറക്കുന്നത്. ഇതൊക്കെ എവിടുന്ന് ഉണ്ടാക്കുന്നതാണെന്ന് താരം ചോദിക്കുന്നു.
''ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ല. പത്താം ക്ലാസ് മൂന്ന് പ്രാവശ്യം എഴുതിയിട്ട് എനിക്ക് പത്ത് പത്ത് മാർക്ക് കൂടി വന്നതേയുള്ളുള്ളു 162, 172 182 എന്നിങ്ങനെയായിരുന്നു എന്റെ മാർക്ക്. എവിടെ നിന്നാണ് ഞാൻ സർക്കാർ ജോലിക്കാരാനാണെന്നും മഹാരാജാസിൽ പഠിച്ചെന്നുമൊക്കെയുള്ള അറിവ് കിട്ടിയതാവോ വിനായകൻ പറയുന്നു.
സംസ്ഥാന അവാർഡ് കിട്ടിയതിന് ശേഷം തന്നെ അഭിനന്ദിക്കാൻ കൊച്ചി മേയറോട് വരണ്ടെന്ന് പറഞ്ഞിട്ടും വന്നതിനെ കുറിച്ചും വിനായകൻ പറയുന്നുണ്ട്. മേയർ ഫോണിൽ വിളിച്ചപ്പോൾത്തന്നെ മേയറോട് ഫ്‌ലാറ്റിലേക്ക് വരരുതെന്ന് അഭ്യർഥിച്ചിരുന്നു. അത് അവഗണിച്ചാണ് മേയർ മാധ്യമപ്രവർത്തകർക്കൊപ്പം ഫ്‌ലാറ്റിലെത്തിയത്. ആ സമയത്ത് വാതിൽ തുറക്കാതിരുന്നതിനും പരിപാടിയുമായി സഹകരിക്കാതിരുന്നതിനും വ്യക്തമായ കാരണമുണ്ടെന്ന് വിനായകൻ പറഞ്ഞു.
''എട്ടുമാസത്തിനുശേഷമാണ് ജോലിസ്ഥലത്തുനിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോൾ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാൻ വലിച്ചെറിഞ്ഞു കളഞ്ഞു. എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടി എന്നെ നിർത്തണ്ട ''. വിനായകൻ പറഞ്ഞു.
Adjust Story Font
16