വിനായകിന്റെ വരികളും ഹരിശങ്കറിന്റെ ശബ്ദവും; 21 ഗ്രാംസ് ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ
ചിത്രത്തിലെ ആദ്യഗാനമായ വിജനമാം താഴ്വാരം എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്
കൊച്ചി: ദീപക് ദേവിന്റെ സംഗീതത്തിൽ ഹരിശങ്കറിന്റെ ശബ്ദവും വിനായക് ശശികുമാറിന്റെ വരികളും, സംഗീത പ്രേമികളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സന്തോഷം കിട്ടാനില്ല. മൂന്ന് പേരും കൂടി ഒന്നിച്ച ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. 'The Front Row Productions' ന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ എഴുതി, സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിനായിട്ടാണ്് ഈ സ്വപ്ന തുല്യ കോംമ്പോ ഒന്നിക്കുന്നത്.
ചിത്രത്തിലെ ആദ്യഗാനമായ വിജനമാം താഴ്വാരം എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ ഗാനമായിട്ടാണ് വിജനമാം താഴ്വാരം ഒരുങ്ങിയിരിക്കുന്നത്. കെ.എസ് ഹരിശങ്കറും ദീപക് ദേവിനെയുമാണ് ഗാനരംഗത്തിൽ കാണിച്ചിരിക്കുന്നത്. സിനിമയിലെ ചില ദൃശ്യങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായി ചിത്രത്തിന്റെ റിലീസ് തിയ്യതിയും ഗാനത്തിനൊപ്പം പുറത്തുവിട്ടു.
മാർച്ച് 18 നാണ് അനൂപ് മേനോൻ നായകനാവുന്ന ചിത്രം റിലീസ് ചെയ്യുന്നത്. 'Seat-Edge' ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയായിരുന്നു 21 ഗ്രാംസിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ലഭിച്ചിരുന്നത്. എന്നാൽ ചിത്രമൊരു ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ കൂടി ഉൾപ്പെടുത്താവുന്നതായിരിക്കുമെന്നാണ് ഗാനം തരുന്ന സൂചന.
നിരവധി പ്രത്യേകതകളുള്ള ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോർ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോൻ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകൻ രഞ്ജിത്, രൺജി പണിക്കർ, ലിയോണ ലിഷോയ്, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്‌സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്ക് അപ്പ് പ്രദീപ് രംഗൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Adjust Story Font
16