'നിങ്ങളീ പറയുന്നതൊന്നുമല്ല അവിടെ സംഭവിച്ചത്'; ഉത്സവപറമ്പിലെ ഓട്ടത്തിൽ വിശദീകരണവുമായി വിനീത് ശ്രീനിവാസൻ
വിളിച്ചാൽ ഇനിയും അവിടെ പ്രോഗ്രാമിന് പോവും, അത്ര ആസ്വദിച്ചാണ് ഓരോ പാട്ട് പാടിയതെന്നും വിനീത് പറഞ്ഞു
വിനീത് ശ്രീനിവാസൻ
വരനാട് ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് ഓടിപ്പോവുന്ന ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്. താരത്തിന് തല്ല് കിട്ടിയെന്നും ദേഹോപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുകയാണെന്നും, ജനത്തിരക്ക് കാരണം തടിതപ്പിയെന്നുമൊക്കെ വിനീതിന്റെ ഓട്ടത്തെകുറിച്ച് സമൂഹമാധ്യമങ്ങളിൽ പലവിധ വ്യാഖ്യാനങ്ങൾ നിറഞ്ഞു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുന്നു. വണ്ടി കുറച്ച് അകലയായതുകൊണ്ടു അൽപദൂരം ഓടി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും താരം പറയുന്നു. ഇനിയും വിളിച്ചാൽ ഇനിയും അവിടെ പ്രോഗ്രാമിന് പോവും അത്ര ആസ്വദിച്ചാണ് ഓരോ പാട്ട് പാാടിയതെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!
വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ഗാനമേളയ്ക്കു ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തിരക്കഥാകൃത്ത് സുനീഷ് വാരനാട് നേരത്തെ രംഗത്തെത്തിയിരുന്നു.
സുനീഷ് വാരനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം, വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്.
Adjust Story Font
16