'ഡബ്യു.സി.സിയെ തള്ളിപ്പറഞ്ഞിട്ടില്ല, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു': ഇന്ദ്രൻസ്
വിമൺ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ കൂടുതൽ പേർ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്.
ഇന്ദ്രന്‍സ്
തിരുവനന്തപുരം: ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല താൻ ശ്രമിച്ചതെന്ന് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ പരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചതോടെയാണ് വിശദീകരണവുമായി ഇന്ദ്രന്‍സ് രംഗത്ത് എത്തിയത്. വിമൺ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ കൂടുതൽ പേർ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്.
'ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല. സഹപ്രവർത്തകൻ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കാൻ പാടാണെന്നാണ് പറഞ്ഞത്. അതിക്രമത്തിനിരയായ പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. താൻ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു....
എല്ലാവരോടും സ്നേഹം
ഇന്ദ്രൻസ്
Adjust Story Font
16