'ബിജെപി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും'; രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന
'തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്, എന്‍റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്'
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും ഐഷ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്, ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഭയമാണെന്നും നാട്ടുകാരോടായി ഐഷ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മീഡിയവൺ ചർച്ചക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പരാതി. ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു പരാമർശം. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതെ സമയം ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കഴിഞ്ഞദിവസം ആയിഷക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു.
Adjust Story Font
16