Quantcast

പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്; ജയ ജയ ജയ ജയഹേക്ക് അഭിനന്ദനങ്ങളുമായി ശൈലജ ടീച്ചർ

ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെയായി 15.31 കോടി രൂപ കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-09 03:27:27.0

Published:

9 Nov 2022 3:23 AM GMT

പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ്  സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്; ജയ ജയ ജയ ജയഹേക്ക് അഭിനന്ദനങ്ങളുമായി ശൈലജ ടീച്ചർ
X

വിപിൻ ദാസ് സംവിധാനം ചെയ്ത് ബേസിൽ ജോസഫും ദർശനാ രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ചിത്രം പ്രക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനും, അണിയറപ്രവർത്തകർക്കും അഭിനന്ദനമറിയിച്ചുകൊണ്ട് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ.കെ ശൈലജ ടീച്ചറും മുന്നോട്ട് വന്നിരിക്കുകയാണ്.

പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നതെന്നാണ് ശൈലജ തൻറെ ഫേസ്ബുക്കിൽ കുറിച്ചത്. ബേസിൽ ജോസഫിന് അഭിനന്ദനങ്ങള്‍ എന്ന് തുടങ്ങുന്ന കുറിപ്പിൽ ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും, ആത്മഹത്യകളും, കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്നും പറയുന്നു. സിനിമയിൽ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും, ഇത്തരം ഒരു നല്ല സിനിമ സാമൂഹ്യ പ്രതിബദ്ധതയോടെ അവതരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ വിപിന്‍ ദാസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും അഭിനന്ദനങ്ങളറിയിക്കുന്നെന്നും ശൈലജ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരുപം

'ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍. ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്.

ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്. ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.

കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇത്തരം ഒരു നല്ല സിനിമ സാമൂഹ്യ പ്രതിബദ്ധതയോടെ അവതരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ വിപിന്‍ ദാസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍'.

വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്ന് തിരക്കഥ ഒരുക്കിയിരുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തെയും അതിന്റെ മേക്കിംഗിനെയും പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. വളരെ ചുരുങ്ങിയ ചിലവിൽ പൂർത്തീകരിച്ച ജയ ജയ ജയ ജയഹേ ബ്ലോക്ബസ്റ്ററിലേക്ക് നീങ്ങുന്നുവെന്നാണ് കളക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ചിത്രം ബോക്‌സ് ഓഫീസിൽ ഇതുവരെയായി 15.31 കോടി രൂപ കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന നായികയെയാണ് ദർശന അവതരിപ്പിച്ചിരിക്കുന്നത്. ആത്മഹത്യാമുനമ്പിൽ നിന്ന് എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നൊരു സന്ദേശമാണ് സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഐക്കൺ സിനിമാസ് ആണ് 'ജയ ജയ ജയ ജയ ഹേ'യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകൻ. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.

TAGS :

Next Story