'കങ്കണയോ അതാരാ? വലിയ നടിയാണോ?'-കരണത്തടി വിവാദത്തില്‍ ബോളിവുഡ് താരം അന്നു കപൂര്‍
ഏതെങ്കിലും വ്യക്തിയെയോ സ്ഥലത്തെയോ അറിയാത്തത് ഒരു തെറ്റോ കുറ്റമോ അല്ലെന്ന് ബോളിവുഡ് താരം പിന്നീട് വിശദീകരിച്ചു
കങ്കണ റണാവത്ത്, അന്നു കപൂര്‍
മുംബൈ: നടിയും നിയുക്ത എം.പിയുമായ കങ്കണ റണാവത്തിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന ബോളിവുഡ് താരം അന്നു കപൂര്‍. കങ്കണയെ അടിച്ച സംഭവത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍, 'അവര്‍ ആരാണ്? വലിയ നടിയാണോ?' എന്നായിരുന്നു അന്നുവിന്റെ പ്രതികരണം. പരാമര്‍ശം വിവാദമായതോടെയാണു നടന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
പുതിയ ചിത്രമായ 'ഹമാരെ ബാരാ'യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്നു കപൂറിന്റെ പരാമര്‍ശം. കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ അടിച്ച സംഭവത്തില്‍ എന്താണു പ്രതികരണം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിനോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു:
''ആരാണീ കങ്കണ? നിങ്ങള്‍ ഇങ്ങനെ ചോദിക്കണമെങ്കില്‍ വലിയ നടിയാകുമല്ലേ? സുന്ദരിയാണോ ആള്?''
ഇതിനെതിരെ കങ്കണ തന്നെ രംഗത്തെത്തി. വിജയികളായ സ്ത്രീകളെ വെറുക്കുന്ന അന്നു കപൂറിന്റെ ശൈലിയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്ന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയല്‍ കങ്കണ ചോദിച്ചു. അവള്‍ സുന്ദരിയാണെങ്കില്‍ കൂടുതല്‍ വെറുപ്പായി. ശക്തയായ സ്ത്രീ കൂടിയാണെങ്കില്‍ അതിലും ശക്തമായി വെറുക്കുന്ന ഈ ശൈലി ശരിയാണോ എന്നും കങ്കണ ചോദിച്ചു. അന്നു കപൂറിന്റെ വിവാദ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ശക്തമായതോടെ നടന്‍ തന്നെ ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
കങ്കണയെ അഭിസംബോധന ചെയ്തായിരുന്നു എക്‌സില്‍ വിശദമായ പോസ്റ്റിട്ടത്. എല്ലാ സ്ത്രീകളെയും താന്‍ ആദരിക്കുന്നുണ്ടെന്നും ഒരു സ്ത്രീയെയും അനാദരിക്കാന്‍ കഴിയില്ലെന്നും അന്നു പറഞ്ഞു. രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും അറിയാതിരിക്കുന്നത് അബദ്ധങ്ങള്‍ പിണയാനും ശിക്ഷ ക്ഷണിച്ചുവരുത്താനും ഇടയാക്കിയേക്കാം. എന്നാല്‍, എന്നാല്‍, ഏതെങ്കിലും വ്യക്തിയെയോ സ്ഥലത്തെയോ വസ്തുവിനെയോ അറിയാത്തത് ഒരു തെറ്റോ കുറ്റമോ അല്ല. അതുകൊണ്ടുതന്നെ എനിക്ക് താങ്കളെ അറിയില്ല. അതൊരു സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കലായി കണക്കാക്കരുതെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചോദിക്കുന്നത് പുതിയ വിഷയങ്ങളില്‍നിന്ന് എന്തെങ്കിലും മസാല ഉണ്ടാക്കാനാണ്. എന്റെ തുറന്നുപറച്ചിലില്‍നിന്ന് അതുണ്ടാക്കാനും അവര്‍ക്കായി. രാഷ്ട്രീയവുമായും ഏതെങ്കിലും മതവുമായും എനിക്കൊരു ബന്ധവുമില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. പ്രത്യേകിച്ചൊരു കഴിവുമില്ല. എന്തെങ്കിലും അപകീര്‍ത്തികരമായ കാര്യം ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. താന്‍ പറഞ്ഞതിന് ഉത്തരവാദിയാണെങ്കിലും മറ്റുള്ളവര്‍ ചിന്തിക്കുന്നതിന് ഉത്തരവാദിത്തമേറ്റെടുക്കാന്‍ തനിക്കാകില്ലെന്നും അന്നു കപൂര്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, താന്‍ പറഞ്ഞത് താങ്കളെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും താരം പറഞ്ഞു. താങ്കളുടെ ലക്ഷ്യങ്ങളെല്ലാം വിജയകരമായി എത്തിപ്പിക്കാന്‍ ആകട്ടെയെന്നു പ്രാര്‍ഥിച്ചുമാണ് അന്നു കപൂര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പത്രങ്ങളോ ചാനലുകളോ ടെലിവിഷനോ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളോ ഒന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതു മണ്ടത്തരമായി തോന്നാമെങ്കിലും അറിവില്ലായ്മ കുറ്റമല്ലെന്നും അന്നു കപൂര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ വിവാദം സൃഷ്ടിച്ച 'ഹമാരെ ബാരാ' ആണ് അന്നു കപൂറിന്റെ പുതിയ ചിത്രം. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ റിലീസ് കര്‍ണാടക തടഞ്ഞിരുന്നു. ബോംബെ ഹൈക്കോടതിയും റിലീസ് തടഞ്ഞിരുന്നെങ്കിലും പിന്നീട് അധിക്ഷേപകരമായി ഒന്നുമില്ലെന്നു ചൂണ്ടിക്കാട്ടി പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. സിനിമയ്‌ക്കെതിരായ ഹരജി സുപ്രിംകോടതി തള്ളുകയും ചെയ്തിട്ടുണ്ട്.
ജനസംഖ്യാ നിയന്ത്രണമാണ് സിനിമയുടെ പ്രമേയമാകുന്നത്. നേരത്തെ 'ഹം ദോ ഹമാരെ ബാരാ'(നാം രണ്ട്, നമുക്ക് പന്ത്രണ്ട്) എന്നായിരുന്നു ചിത്രത്തിനു പേരുനല്‍കിയിരുന്നത്. ഇതു പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം 'ഹമാരെ ബാരാ' എന്നാക്കുകയായിരുന്നു. കമല്‍ചന്ദ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അന്നു കപൂറിനു പുറമെ അശ്വിനി കല്‍സേകര്‍, മനോജ് ജോഷി എന്നിവരാണു പ്രധാന റോളുകളിലെത്തുന്നത്. അഭിമന്യു സിങ്, പാര്‍ഥ് സമതാന്‍, പരിതോഷ് തൃപാഠി, അദിതി ഭട്ട്പാരി, ഇഷ്ലിന്‍ പ്രസാദ് എന്നിവരും വിവിധ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. രവി എസ്. ഗുപ്ത, ബിരേന്ദര്‍ ഭഗത്, സഞ്ജയ് നാഗ്പാല്‍ എന്നിവരാണ് നിര്‍മാതാക്കള്‍.
Summary: Annu Kapoor asks ’who is Kangana Ranaut’ in slapgate row, clarifies later
Adjust Story Font
16