Quantcast

ദര്‍ശനുമായി 10 വര്‍ഷത്തെ അടുപ്പം, ദര്‍ശന്‍റെ ഭാര്യയുമായി നിരന്തരം വാക്പോര്; ആരാണ് പവിത്ര ഗൗഡ?

കൊല്ലപ്പെട്ട രേണുകസ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങളയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-06-12 08:14:59.0

Published:

12 Jun 2024 8:12 AM GMT

Pavithra Gowda
X

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശനൊപ്പം നടി പവിത്ര ഗൗഡയുടെ പേരും വാര്‍ത്തകളില്‍ നിറയുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശന് പിന്നാലെ പവിത്രയെയും കഴിഞ്ഞ ദിവസം ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട രേണുകസ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങളയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

നടിയും മോഡലും ഫാഷന്‍ ഡിസൈനറുമായ പവിത്ര കന്നഡ,തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ദര്‍ശനും പവിത്രയും തമ്മില്‍ അടുപ്പമുണ്ട്. ഇരുവരും പ്രണയത്തിലാണെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകളും ഇതാണ് സൂചിപ്പിക്കുന്നത്. രമേശ് അരവിന്ദ് നായകനായ ' ചത്രിഗാലു സാർ ചത്രിഗാലു' എന്ന ചിത്രത്തിലൂടെയാണ് പവിത്ര സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആഗമ്യ, പ്രീതി കിതാബു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചെറിയ പ്രായത്തില്‍ 18-ാം വയസിലായിരുന്നു പവിത്രയുടെ വിവാഹം. പലചരക്ക് കട നടത്തിയിരുന്ന ചാമരാജ്പേട്ട സ്വദേശിയായ സഞ്ജയ് സിങ്ങാണ് ആദ്യഭര്‍ത്താവ്. ഈ ബന്ധത്തില്‍ പവിത്രക്ക് ഖുശി ഗൗഡ എന്ന മകളുമുണ്ട്. പിന്നീട് സഞ്ജയുമായി വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം മകളോടൊപ്പമാണ് പവിത്ര താമസിക്കുന്നത്. ദര്‍ശനുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈ ബന്ധത്തിന്‍റെ പേരില്‍ ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മില്‍ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ വാക് പോരുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ദര്‍ശനൊപ്പമുള്ള ഒരു റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇരുവരുടെയും പ്രണയ നിമിഷങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ദര്‍ശനുമായുള്ള ബന്ധത്തിന് 10 വയസായെന്നായിരുന്നു അടിക്കുറിപ്പ് നല്‍കിയിരുന്നത്. ഒപ്പം നടനെയും ടാഗ് ചെയ്തിരുന്നു. പവിത്ര ഗൗഡയുടെ ഇൻസ്റ്റാഗ്രാം പേജില്‍ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളാണ് കൂടുതലും. ദര്‍ശനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിജയലക്ഷ്മി ഇതിനോട് പ്രതികരിച്ചത്. എന്നിട്ടും ദേഷ്യം തീരാതെ മുന്‍ഭര്‍ത്താവ് സഞ്ജയ് സിങ്ങിനും ഖുശിക്കുമൊപ്പമുള്ള പവിത്രയുടെ പഴയകാല ചിത്രവും വിജയലക്ഷ്മി പോസ്റ്റ് ചെയ്തു. മറ്റൊരാളുടെ ഭര്‍ത്താവുമൊന്നിച്ചുള്ള റീല്‍ പങ്കുവയ്ക്കുന്നതിനു മുന്‍പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കുമെന്നും സ്വന്തം താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി തന്‍റെ ഭര്‍ത്താവിനെ ഉപയോഗിക്കുകയാണെന്നും വിജയലക്ഷ്മി പോസ്റ്റില്‍ ആരോപിച്ചിരുന്നു. സ്വന്തം താൽപര്യങ്ങള്‍ക്കുവേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സ്‌നേഹവും കരുതലുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും 10 വര്‍ഷം ഒരുമിച്ച് ജീവിക്കുക എന്നത് ചെറിയ കാര്യമല്ലെന്നുമായിരുന്നു പവിത്രയുടെ മറുപടി.

രേണുകസ്വാമി ദര്‍ശന്‍റെ കടുത്ത ആരാധകന്‍

കൊല്ലപ്പെട്ട രേണുകസ്വാമി ദര്‍ശന്‍റെ കടുത്ത ആരാധകനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ആരാധന മുതലാക്കിയാണ് ഇഷ്ടതാരത്തെ കാണിക്കാമെന്ന വ്യാജേനെ ഫാന്‍സ് അസോസിയേഷന്‍ വഴി സ്വാമിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. പവിത്രയും ദര്‍ശനും തമ്മിലുള്ള ബന്ധത്തില്‍ രേണുകസ്വാമിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. വെള്ളിത്തിരയിലെ സര്‍വഗുണ സമ്പന്നനായ വിവാഹിതനായ നായകന് വിവാഹതേര ബന്ധമുണ്ടാകുന്നത് സ്വാമിയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഇക്കാര്യത്തില്‍ വിജയലക്ഷ്മിക്കൊപ്പം നിന്ന സ്വാമി പവിത്രക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളയച്ചുകൊണ്ടിരുന്നു. ദര്‍ശന്‍റെ സ്വഭാവത്തെക്കുറിച്ച് അറിയാവുന്ന പവിത്ര ആദ്യം ഇതൊന്നും താരത്തോട് വെളിപ്പെടുത്തിയില്ല. വീട്ടുജോലിക്കാരനായ പവനോട് പറയുകയും പവന് ഇത് ദര്‍ശനോട് പങ്കുവയ്ക്കുകയുമായിരുന്നു.

ചിത്രദുർഗയിൽ നിന്ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുവരാന്‍ ദർശൻ തൻ്റെ കൂട്ടാളിക്ക് നിർദ്ദേശം നൽകിയെന്നാണ് ആരോപണം. ചിത്രദുർഗയിൽ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലിൽ തള്ളുകയായിരുന്നു.

ദര്‍ശനും പവിത്രയുമടക്കം കേസില്‍ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ബംഗളൂരു കോടതി ആറ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ദർശൻ്റെ സഹായികളും ചിത്രദുർഗയിലെ ദർശൻ്റെ ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രാഘവേന്ദ്രയും തമ്മിലുള്ള ഫോൺ കോൾ രേഖകളാണ് നിർണായകമായതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.“ദർശൻ രഘുവിനെ ബന്ധപ്പെടുകയും രേണുകസ്വാമിയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു,” ദയാനന്ദ വ്യക്തമാക്കി. ''പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന അഞ്ചേക്കർ പാർക്കിംഗ് സ്ഥലത്തേക്കാണ് സ്വാമിയെ കൊണ്ടുവന്നത്. അവിടെവെച്ച് അയാൾ ആക്രമിക്കപ്പെട്ടു. ദർശൻ്റെയും മറ്റ് പ്രതികളുടെ ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ ആ സ്ഥലത്തുനിന്നും കണ്ടെത്തി. ദർശൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത കാർ പാർക്കിങ് സ്ഥലത്തുനിന്നു പുറത്തുപോകുന്നതും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്,’ ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story