'തിരുവനന്തപുരം കിച്ചുവിനെ അര്‍ഹിക്കുന്നില്ല'; 'ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ കഴിയുമോ?'; കൃഷ്ണകുമാറിന്‍റെ തോല്‍വിയില്‍ ഭാര്യയും മകളും
തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട ചലച്ചിത്ര താരം കൃഷ്ണകുമാറിനെ പിന്തുണച്ച് കുടുംബം. തിരുവനന്തപുരം മണ്ഡലം കൃഷ്ണകുമാറിനെ അര്‍ഹിക്കുന്നില്ലെന്നും കഴിവിന്‍റെ പരമാവധി അദ്ദേഹം പരിശ്രമിച്ചെന്നും അതില്‍ അഭിമാനമുണ്ടെന്നും കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞു. കന്നിയങ്കത്തിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സിന്ധു ഭര്‍ത്താവ് കൃഷ്ണകുമാറിന് പിന്തുണ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലാണ് സിന്ധു കൃഷ്ണകുമാര്‍ പിന്തുണ അറിയിച്ചത്.
അതേസമയം, കൃഷ്ണകുമാറിന്‍റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മകള്‍ ദിയയും രംഗത്തെത്തി. വിജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ പറഞ്ഞു. ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ സാധിക്കുമോയെന്നും ദിയ ചോദിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കൃഷ്ണകുമാര്‍ പരാജയം അംഗീകരിച്ചും വിജയിച്ച എല്‍.ഡി.എഫിന്‍റെ ആന്‍റണി രാജുവിനെ അഭിനന്ദിച്ചും ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 'നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്‍റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്‍റെ അഭിനന്ദനങ്ങൾ'; എന്നാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയത്.
തിരുവനന്തപുരം മണ്ഡലത്തില്‍ 7089 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ ആന്‍റണി രാജു വിജയിച്ചത്. 34,996 വോട്ടുകളാണ് കൃഷ്ണകുമാറിന് ലഭിച്ചത്. യുഡിഎഫിന്‍റെ വിഎസ് ശിവകുമാറിന് 41,659 വോട്ടുകളും ലഭിച്ചു.
Adjust Story Font
16