വിൽ സ്മിത്തിന് പത്ത് വർഷം വിലക്ക്; ഓസ്കറിലും അക്കാദമിയുടെ പരിപാടികളിലും പങ്കെടുക്കാനാവില്ല
ഓസ്കർ പ്രഖ്യാപന ചടങ്ങിൽ അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചതിനാണ് നടപടി
ലോസ്ഏഞ്ചല്‍സ്: നടൻ വിൽ സ്മിത്തിന് പത്ത് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഓസ്കർ അക്കാദമി ഓഫ് ഗവേർണേഴ്സ്. ഓസ്കർ പ്രഖ്യാപന ചടങ്ങിൽ അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചതിനാണ് നടപടി.
മാർച്ച് 27ന് നടന്ന ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിനിടെയാണ് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്ത് വിൽ സ്മിത്ത് അടിച്ചത് .ഭാര്യ ജെയ്ഡ പിങ്കറ്റിനെ കളിയാക്കിയതിനായിരുന്നു വിൽ കരണത്തടിച്ചത്. തുടർന്ന് അക്കാദമി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.ഏറ്റവുമൊടുവിൽ അക്കാദമി നടപടി സ്വീകരിച്ചിരിക്കുകയാണ്. ഓസ്കറിൽ നിന്നും അക്കാദമിയുടെ മുഴുവൻ പരിപാടികളിൽ നിന്നും പത്ത് വർഷത്തേക്കാണ് വിൽ സ്മിത്തിനെ വിലക്കിയത്.ഇന്നലെ ചേർന്ന അക്കാദമി ഗവർണർമാരുടെ യോഗത്തിലാണ് തീരുമാനം.
അക്കാദമി ഓഫ് മോഷൻ പിക്ച്ചേഴ്സ് പ്രസിഡന്‍റ് ഡേവിഡ് റൂബിനും സി.ഇ.ഒ ഡോൺ ഹൂഡ്സണുമാണ് നടപടി സ്ഥിരീകരിച്ചത്. വിൽ ചെയ്തത് ദോഷകരമായ പെരുമാറ്റമാണെന്ന് അക്കാദമി വിലയിരുത്തി. എന്നാൽ നടപടി അംഗീകരിക്കുന്നെന്നും അക്കാദമിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും വിൽ സ്മിത്ത് പ്രതികരിച്ചു. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സിൽ നിന്ന് നേരത്തെ തന്നെ വിൽ സ്മിത്ത് രാജി വച്ചിരുന്നു.
Adjust Story Font
16