Quantcast

ഓസ്കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്

അവതാരകന്‍ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത്ത് അടിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-06 13:18:01.0

Published:

28 March 2022 3:37 AM GMT

ഓസ്കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്
X

ഓസ്കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്. കൊമേഡിയന്‍ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത്ത് അടിച്ചത്. ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെ കുറിച്ചുള്ള പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം.

മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലെത്തിയത്. വേദിയില്‍ വെച്ച് ക്രിസ് റോക്ക് ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരാമര്‍ശം നടത്തി. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'എന്‍റെ ഭാര്യയെ കുറിച്ചു നിന്‍റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.

അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. വിവാദത്തില്‍‌ ഓസ്കര്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരവും വില്‍ സ്മിത്തിനാണ്. കിങ് റിച്ചഡിലെ അഭിനയത്തിനാണ് പുരസ്കാരം. അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‍കർ സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചഡ്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. ഓസ്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്. മികച്ച സംവിധായകനുള്ള ഓസ്‍കര്‍ ജെയ്ൻ കാംപിയോൺ 'ദ പവർ ഓഫ് ഡോ​ഗ്' എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.




TAGS :

Next Story