'എന്റെ പ്രിയപ്പെട്ട 'പൊന്നു'അമ്മയ്ക്കൊപ്പം; കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഷാജി കൈലാസ്
വടക്കൻ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് താരം
ആറ് പതിറ്റാണ്ടുകളായി മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ അറിയാവുന്ന താരമാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ ഒട്ടേറെ സൂപ്പർ താരങ്ങളുടെയടക്കം അമ്മമയായും അമ്മൂമ്മയായും കവിയൂർ പൊന്ന വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. മോഹൻലാലിന്റെ അമ്മയായെത്തിയ വേഷങ്ങളാണ് അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് പോലും പലരും തെറ്റിദ്ധരിച്ചു.
700 ലധികം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലുതവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സിനിമയിൽ നിന്ന് വിട്ട് വിശ്രമജീവിതത്തിലാണ് താരം. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷാജി കൈലാസ് കവിയൂർ പൊന്നമ്മയെ കണ്ടപ്പോഴുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
പ്രായവും അവശതയും നന്നേ ബാധിച്ചുവെങ്കിലും കവിയൂർ പൊന്നമ്മയുടെ നെറ്റിയിൽ ഇപ്പോഴും ആ ചുവന്ന വട്ടപ്പൊട്ടുണ്ട്. 'എന്റെ പ്രിയപ്പെട്ട 'പൊന്നു'അമ്മയ്ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങൾ. സർവ്വശക്തൻ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ' ഷാജി കൈലാസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. വടക്കൻ പറവൂറിലെ കരമാനൂരിലെ വീട്ടിലാണിപ്പോൾ താരം.
Adjust Story Font
16