'അനീതികൾക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്നവര്‍ക്ക് കൂടെ'; കെ.ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യൂ.സി.സി
പാർവതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യു.സി.സി അംഗങ്ങള്‍ ഇന്ന് ക്യാമ്പസിൽ നേരിട്ടെത്തി പിന്തുണ നൽകിയിരുന്നു
കോട്ടയം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി). സിനിമ പഠിക്കുമ്പോഴും, സിനിമയിൽ പ്രവർത്തിക്കുമ്പോഴും, സർഗ്ഗ ശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങൾ നിഷേധിക്കൽ, വിവേചനം, സുരക്ഷിതത്വം ഇല്ലായ്മ തുടങ്ങിയ സ്ഥിതിഗതികൾ നില നിൽക്കുന്ന ഇടങ്ങൾ, 'സിനിമ' എന്ന സമഗ്രമായ കലയുടെയും, അതിൽ പങ്കുകൊള്ളുന്നവരുടേയും, വളർച്ചക്ക് വിലങ്ങു തടിയാണെന്ന് അറിയാം. ഈ അറിവിൽ ഊന്നി നിന്നുകൊണ്ട് തന്നെ , ജനാധിപത്യ ബോധത്തോടെ , അനീതികൾക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന, കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്സിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി ഡബ്ല്യൂ.സി.സി അറിയിച്ചു.
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി അംഗങ്ങള്‍ ക്യാമ്പസിലെത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ പരസ്യമായി ഐക്യദാര്‍ഢ്യ പോസ്റ്റ് പങ്കുവെച്ചത്. പാർവതി തിരുവോത്ത് അടക്കമുള്ളവർ ആണ് ഇന്ന് ക്യാമ്പസിൽ നേരിട്ടെത്തി പിന്തുണ നൽകിയത്.
അതിനിടെ സംവരണ മാനദണ്ഡം അട്ടിമറിച്ചെന്ന കെ.ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ പരാതിയിൽ സർക്കാർ ഇടപെട്ടു. സംഭവത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രി നിയോഗിച്ച കമ്മീഷൻ ക്യാമ്പസിലെത്തി തെളിവെടുത്തു. സംവരണം അട്ടിമറിച്ചതിനുള്ള തെളിവ് വിദ്യാർഥികൾ കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഒരു കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. ഇന്നലെ ക്യാമ്പസിലെത്തിയ കമ്മീഷൻ വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. ജാതി സംവരണം അട്ടിമറിച്ചതിന്‍റെ തെളിവുകൾ വിദ്യാർത്ഥികൾ കമ്മീഷന് കൈമാറി. എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ടിന് സംവരണം അട്ടിമറിക്കാൻ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ നൽകിയ കത്താണ് തെളിവായി നല്‍കിയത്. വീട്ടുജോലിയടക്കം ചെയ്യിപ്പിച്ച കാര്യങ്ങൾ ജീവനക്കാരും കമ്മീഷനെ അറിയിച്ചു.
Adjust Story Font
16